ബുധനാഴ്‌ച, ജൂൺ 06, 2012

ENTE GRAMAM


 മണ്ണിന്‍റെ  ഗന്ധവും  നിഷ്കളങ്ക  സ്വഭാവവും നിറഞ്ഞ എന്റെ ഗ്രാമം.  കാസറഗോഡ് ജില്ലയുടെ തെക്കേ അറ്റത്തുള്ള കവ്വായി പുഴ അതിരിറ്റൊഴുകുന്ന ശാന്ത സുന്ദരമായ എന്‍റെ ഗ്രാമം.  ടാറിട്ട റോഡുകള്‍ വളരെ കുറഞ്ഞ ഇടവഴികള്‍ ഏറെ നിറഞ്ഞ ഗ്രാമത്തിന്റെ എല്ലാ ഊഷ്മളതയും എല്ലാ സ്വഭാവ ഗുണങ്ങളും നിറഞ്ഞ എന്റെ ഗ്രാമം.

വയലും തൊടിയും കുളവും പുഴയും കൊയ്ത്തും നിറഞ്ഞ സ്വപ്ന സുന്ദരമായ ഗ്രാമം.  ഗ്രാമത്തിന്‍റെ ഒത്ത നടുക്ക്  അങ്ങ് ദൂരെ നിന്നു പോലും കാണാവുന്ന  അതി മനോഹരമായ പഴക്കം ചെന്ന ഉടുമ്പുന്തല ജുമാ അത്ത് പള്ളി . പള്ളിയിലേക്കുള്ള വഴിയിലാണ് എപ്പോഴും മരണത്തെ ഓര്‍മ്മിപ്പിക്കുന്ന മയ്യിത്ത് മറമാടുന്ന വിശാലമായ മൈതാനി . 

പുരാതന  മുസ്ലിം തറവാടുകളുടെ ഒരു വലിയ ശേഖരം എന്‍റെ ഗ്രാമത്തില്‍ ഒരു കോട്ട പോലെ നില കൊള്ളുന്നു. ഇതിനൊക്കെ ഇടയ്ക്കു അതിരാവിലെകളില്‍ അങ്ങ് ദൂരെ  ഏഴിമലയുടെ ഭംഗിയേറിയ  മലനിരകള്‍ കാണാം . കല്യാണ തലേന്നു പുതു വസ്ത്രവുമായി കയ്യില്‍ മൈലാഞ്ചി ഇടാന്‍ വരുന്ന കൂട്ടുകാരികളെ കാത്തു നില്‍ക്കുന്ന പുതുനാരിയുടെ മൊഞ്ച് ആണ് മല നിരകള്‍ക്ക് മഴ ക്കാലങ്ങളില്‍

പള്ളിയുടെ മുന്‍പിലുള്ള ചായക്കടയും അവിടത്തെ റേഡിയോയിലെ ആകാശവാണിയും കാലിനു എപ്പോഴും സ്ഥിരതയില്ലാത്ത ആടി കൊണ്ടിരിക്കുന്ന ബഞ്ചില്‍ ഇരുന്നു പത്രം വായിക്കുകയും ബീഡി വലിച്ചു തള്ളി ലോക രാഷ്ട്രീയം പറയുന്ന നാട്ടുകാരും ഇതെല്ലാം കൂടിച്ചേര്‍ന്നു എന്‍റെ ഗ്രാമം കൂടുതല്‍ നിഷ്കളങ്കമായി .............

ഇപ്പോഴും പഴയ പുരാതനമായ അറയും മച്ചുമുള്ള വീടും  ധാരാളമുണ്ടെങ്കിലും വയലും കുളവും പുതു പുത്തന്‍ ഗള്‍ഫ്‌ കാരുടെ കൊണ്ക്രീറ്റ്‌ കെട്ടിടങ്ങള്‍ക്ക് വഴി മാറി കൊടുത്തു. 

അബു ദാബി  നഗരത്തിലൂടെ നടക്കുമ്പോള്‍ ഇന്നും എനിക്ക് ഒരു പാട് നന്മകള്‍ മാത്രം സമ്മാനിച്ച എന്‍റെ ഗ്രാമത്തെ വേദനയോടെ ഞാന്‍  ആശ്ലേഷിക്കാറുണ്ട് ........  എന്‍റെ സ്വപ്നങ്ങളിലേക്ക്  നിര്‍ത്താതെ പെയ്യുന്ന മഴയുടെ സംഗീതത്തിന്‍റെ കൂടെ  എന്‍റെ ഗ്രാമവും പലപ്പോഴും കടന്നു വരാറുണ്ട് .  എന്‍റെ  വേദനകള്‍ മനസ്സിലേക്ക് ഒപ്പിയെടുത്തു കണ്ണിനീര്‍ തുള്ളികള്‍ പുറത്തു വരാതെ മുഖത്ത്  ഒരു കോമാളിയുടെ മുഖമൂടി അണിഞ്ഞു തേങ്ങുന്ന മനസ്സുമായി പ്രവാസ ലോകത്തേക്കുള്ള യാത്ര വീണ്ടും ഓര്‍മയിലേക്ക് എത്തുന്നു ഇന്നലെ എന്ന പോലെ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷവും ............  നഷ്ടപെടലുകളുടെ ആ കഥകള്‍ എനിക്കിനിയും ഓര്‍ക്കാന്‍ വയ്യ  .  പക്ഷെ വീണ്ടും വീണ്ടും ....

  ഗ്രാമങ്ങളുടെ മുഖച്ഛായ മാറി മറിയുകയാണ് !!!!  നാട്ടിലേക്കുള്ള ഓരോ യാത്രയിലും അത് വേദനയോടെ മനസ്സിലാകുന്നു .    വികസനമല്ല . വികസനമെന്നു പറഞ്ഞു കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ ....

തിങ്കളാഴ്‌ച, മാർച്ച് 05, 2012

ഫൈസലിന്‍റെ കല്യാണം

അയല്‍പക്കത്തുള്ള കദീത്താന്റെ നിലവിളി കേട്ടാണ് ഞാന്‍ പുറത്തേക്കിറങ്ങിയതു .  അവിടെ കുറച്ചു പെണ്ണുങ്ങളുടെ കൂട്ടം .  പെണ്ണുങ്ങളുടെ കല പില ശബ്ദം .  ഇടയ്ക്കിടെ ഗൃഹ നായിക കദീത്താന്റെ ശബ്ദവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട് . ടി വി ചാനലുകാരുടെ ഭാഷ കടമെടുത്താല്‍ സംഗതികളും ഷദ്ജവുമില്ലാത്ത്ത നിലവാരം കുറഞ്ഞ വിലാപം .  ഞാന്‍ മെല്ലെ മെല്ലെ അവരുടെ വീട്ടിനടുത്തെത്തി.  അങ്ങോട്ട്‌ പോകാതെ ചെവി നന്നായി കൂര്‍പ്പിച്ചു വെച്ചു .  സംഗതി പുടി കിട്ടി .  പ്രേമം ആണ് വിഷയം .  കദീത്താക്ക് മക്കള്‍ രണ്ടു .  ഒരാണും പെണ്ണും .  രണ്ടു പേരും കല്യാണം കഴിക്കാന്‍ ആയവര്‍ .  വിഷയം പ്രേമമായതിനാല്‍ ഞാനൊന്ന് പേടിച്ചു .  ചിലപ്പോള്‍ കദീത്താന്റെ മകള്‍ എന്‍റെ പേരോ മറ്റോ വിളിച്ചു പറഞ്ഞുവെങ്കിലോ .  ഇത്രയും പെണ്ണുങ്ങളുടെ മുന്നില്‍ വെച്ചു നിഷേധിക്കണമെങ്കില്‍ തന്നെ ഒരു പാട് പണിയാ ..

ഭാഗ്യം വിഷയം പ്രേമം ആണെങ്കിലും കദീത്താന്റെ മകളുടെ അല്ല ഈയിടെ മലേഷ്യയില്‍ നിന്നും ഗെറ്റ് ഔട്ട്‌ അടിച്ചു വന്ന മകന്‍ ഫിറോസിന്‍റെതാണ്.  എനിക്ക് ധൈര്യമായി.  ഞാന്‍ മെല്ലെ ആള്‍ക്കൂട്ടതിനിടയിലേക്ക്‌ നടന്നു .ഒരു വനിതാ സമ്മേളനത്തിന്‍റെ പ്രതീതി .  ആണായി  ഞാനും പ്രേമ നായകന്‍ ഫിറോസും മാത്രം.  ഫിറോസിനെ അവിടെ ഒറ്റക്കാക്കി മുങ്ങണമെന്നു എനിക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും അവന്റെ ദയനീയ ഭാവം കണ്ടു ഞാന്‍ അവിടെ തന്നെ നിന്നു . 

ഹോജ രാജാവായ തമ്പുരാനേ.  മ്മടെ ഫിറോസിന് ആരുമ്മാ കൈ വിഷം കൊടുത്തത്‌ എന്നും പറഞ്ഞു തലയ്ക്കു കൈ കൊടുത്തു വിലപിക്കുന്ന ഹഫ്സീത്തയെ കണ്ടു എനിക്ക് ചിരി വന്നെങ്കിലും ഞാന്‍ ചിരിച്ചില്ല .കദീത്തായും ഹഫ്സീത്തയും ഒരു മതിലിന്‍റെ അപ്പുറത്തും ഇപ്പുറത്തും താമസിക്കുന്നവര്‍ ആണെങ്കിലും കൊടിയ ശത്രുക്കള്‍ ആണ് .  കദീത്ത കോഴിയെ അറുത്തു നൈച്ചൊരു വെച്ചു നേര്‍ച്ച കഴിച്ചെങ്കില്‍ ഹഫ്സീത ആട് ബിരിയാണി വെച്ചു നേര്‍ച്ച നടത്തും . ഇപ്പുറത്ത് ബിരിയാണി വെച്ചാല്‍ അപ്പുറത്ത് ഫ്രൈഡ്‌ റൈസ് വെക്കും .  ചുരുക്കി പറഞ്ഞാല്‍ എനിക്കും കൂട്ടുകാര്‍ക്കും നല്ല കൊളാ .  അവിടെ ഉള്ള എന്ത് പരിപാടിയും ഞങ്ങള്‍ ഭംഗിയായി ആഘോഷിച്ചിരുന്നു .  ആ ഹഫ്സീത്തയാണ് തലയ്ക്കു കൈ വെച്ചു കരയുന്നത് .  ചിരിക്കാതെ എന്ത് ചെയ്യും .  പക്ഷെ ഞാന്‍ ചിരിച്ചില്ല .  ഗൌരവമേറിയ വിഷയമാണ് .  സല്‍സ്വഭാവി അല്ലാത്ത ഫിറോസിനെ ആരാണ് മയക്കിയത് .  മണ്ടി പെണ്ണ് എന്ന് എന്‍റെ മനസ്സ്‌ കരുതി .
 അപ്പോഴാണ്‌ കദീത്താന്റെ ശ്രദ്ധ എന്‍റെ നേരെ ആയത് .  എന്‍റെ മോനെ, നിനക്കെങ്കിലും ഫിരോസിനോടു പറഞ്ഞു കൊടുത്തു കൂടെ പ്രേമിച്ചു കല്യാണം കഴിക്കരുതെന്ന് .  എനിക്ക് ദേഷ്യം വന്നു .  ഞാന്‍ എന്താ പ്രേമത്തില്‍ ഡോക്ടരറ്റ് എടുത്തിരുന്നോ പ്രേമത്തിന്റെ ഭവിഷ്യത്ത് പറഞ്ഞു കൊടുക്കാന്‍ .  ഞാന്‍ ഒന്നും മിണ്ടാന്‍ നിന്നില്ല.  കദീത്താന്റെ കരച്ചില്‍ കൂടി കൊണ്ട് വരുന്നു .  കല്യാണം വരട്ടെ ഞാന്‍ മനസ്സില്‍ കരുതി .  ഭക്ഷണത്തിന്റെ മെഗാ പരമ്പര വരാന്‍ പോകുന്നു .  നിശ്ചയം ,  നിക്കാഹ് , കല്യാണം .  വരട്ടെ കല്യാണം
നീ  അപ്പുറത്തെ വീട്ടിലെ മാധവിയുടെ മോള്‍  രേഷ്മാനെ പ്രേമിചിരുന്നുവേന്കില്‍ ഞാന്‍ സന്തോഷത്തോടെ നിനക്ക് കെട്ടിച്ചു തരട്ടായിനു വെന്ന കദീത്താന്റെ രോദനം കേട്ട് അവിടെ ഉള്ള രേഷ്മ അഹങ്കാരം കൊണ്ട് തല ഉയര്‍ത്തി .  മാധവിയും ബാക്കി ഉള്ള ഉമ്മചിമാരും ഒന്ന് ഞെട്ടി.  ഞാന്‍ രണ്ടു പ്രാവശ്യം ഞെട്ടി .  എന്താ ഇത് ,  ഒന്നും മനസ്സിലാകുന്നില്ല .  രേഷ്മ എന്ന ഹിന്ദു യുവതിയെ മകനെ കൊണ്ട്  കെട്ടിക്കാന്‍ കദീത്താ തയ്യാര്‍.  രേഷ്മ സുന്ദരി ആണ് .  അത് കൊണ്ട് കെട്ടിക്കാന്‍ പറ്റുമോ .  അപ്പോള്‍ ഫിറോസ്‌ ആരെയാണ് പ്രേമിച്ചത് .  എന്‍റെ തല പെരുത്തു.  പച്ചരി കൊണ്ട്  ബിരിയാണി വെച്ചു ഇളിഭ്യനായ വെപ്പുകാരന്‍ കാദര്‍കുട്ടിയുടെ അവസ്ഥയിലായി ഞാന്‍ ... 
ഞാന്‍ മെല്ലെ പിറകോട്ടു വലിഞ്ഞു . ഏറ്റവും പിറകില്‍ നില്‍ക്കുന്ന മറീത്തയുടെ അടുത്ത് ചെന്ന് മെല്ലെ ചോദിച്ചു .  എന്താണ് ഫിറോസിന്റെ പ്രശ്നം .  ഞാന്‍ മെല്ലെ ആണ് ചോദിച്ചതെങ്കിലും ഉത്തരം ഒരു മൈക്ക് കെട്ടി സംസാരിക്കുന്നത്  പോലെ ആയിരുന്നു .   എന്‍റെ മോനെ ,  മ്മടെ ഫിറോസ്‌ പണ്ടെപ്പോഴോ ഒരു പെണ്ണിനെ പ്രേമിച്ചു ഇപ്പൊ അവനു അവളെ കെട്ടണം പോലും .  അതിനെന്താ കെട്ടിക്കോട്ടെ.  ഞാന്‍ പറഞ്ഞു .  ഇത് കേട്ടതും കദീത്ത ചാടി എഴുന്നേറ്റു എന്‍റെ അടുത്തേക്ക് വന്നു .  ഞാന്‍ അല്‍പ്പം പിറകോട്ടു മാറി .  കദീത്ത പറയാന്‍ തുടങ്ങി .  അവന്‍ പ്രേമിച്ചത് ഈ ദുനിയാവില്‍ ഉള്ള പെണ്ണിനെ ഒന്നുമല്ല .  വടക്കോട്ടുള്ള ഏതോ ഒരു കാസരഗോടില്‍  നിന്നാണ് .  അവന്‍ അവിടത്തെ പെണ്ണിനെ കെട്ടിയാല്‍ ... കദീത്ത ഇത്രയും പറഞ്ഞു കരച്ചിലിനു വോള്യം കൂട്ടി . 
സംഭവം എനിക്ക് പിടി കിട്ടി .  ഫിറോസ്‌ പ്രേമിച്ചത് ഈ ഭൂമിയിലുള്ള പെണ്ണിനെ ഒന്നുമല്ല .  മറ്റൊരു ഗ്രഹത്തില്‍ ഉള്ള കാസറഗോഡ്  എന്ന പ്രദേശത്തില്‍ നിന്നാണ് .  അവിടത്തു കാര്‍ക്ക് നേരെ ചൊവ്വേ മലയാളം സംസാരിക്കാന്‍ പോലും പറ്റില്ല .  അത് മാത്രവുമല്ല കല്യാണം കഴിഞ്ഞാല്‍ പെണ്ണ് വസ്ത്രങ്ങളും എടുത്തു പുതിയാപ്പിളയുടെ കൂടെ അവന്റെ വീട്ടില്‍ താമസിക്കും .....................

എന്തും സഹിക്കും .  ബിരിയാണി ഇല്ലാത്ത കല്യാണവും മണിയറ ഇല്ലാത്ത വധുവിന്‍റെ വീടും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍കാരായ എന്‍റെ നാട്ടുകാര്‍ സഹിക്കില്ല .  കല്യാണം കഴിഞ്ഞാല്‍ പെണ്ണിന്‍റെ വീട്ടില്‍ പുതിയാപ്പിള താമസിക്കും..  പണക്കാരന്‍ ആണെങ്കിലും പാവപ്പെട്ടവന്‍ ആണെങ്കിലും ഇത് നിര്‍ബന്ധം .  പെണ്ണിന്‍റെ വീട്ടുകാര്‍ പുതിയാപ്പിളക്കായി മണിയറ ഒരുക്കും .  പയ്യന്‍ തറവാട്ടില്‍ പിറന്നവന്‍ ആണെങ്കില്‍ മണിയറ അത് പോലെ തന്നെ ആയിരിക്കും .  എ സി, തേക്കിന്റെ വലിയ അലമാര , ബാത്ത് റൂം എല്ലാം നല്ല സെറ്റപ്പില്‍ ആയിരിക്കും .  ചിലപ്പോള്‍ പയ്യന്‍റെ വീട്ടുകാര്‍ ചില ഡിമാന്‍ഡ് വെക്കും .  റൂമില്‍ ഇന്ന കളര്‍ വേണം .  ബാത്ത് റൂമില്‍ ടൈല്‍സ് ഇന്ന ഡിസൈന്‍ വേണം എന്നൊക്കെ . ഗള്‍ഫില്‍ മൂട്ടയുടെ കടി കൊള്ളുന്ന പയ്യനും നാട്ടില്‍ എ സി മണിയറ .....
ഇതൊക്കെ നമ്മുടെ പ്രേമ നായകന്‍ ഫിറോസ്‌ തെറ്റിച്ചിരിക്കുന്നു,.  അവനു മണിയറയും ഇല്ല തേക്കിന്‍ മരം കൊണ്ടുള്ള അലമാരയും ഇല്ലാ ....
നിങ്ങള്‍ക്കു  ആര്‍ക്കും അത്ഭുതമുണ്ടാകില്ല പക്ഷെ എനിക്കും എന്‍റെ നാട്ടുകാര്‍ക്കും ഇത് ജീവിതത്തില്‍ സംഭവിക്കുന്ന അപൂര്‍വം കാഴ്ചകളില്‍ ഒന്നാണ് .  കാരണം കല്യാണം കഴിഞ്ഞാല്‍ പെണ്ണിന്‍റെ വീട്ടില്‍ താമസിക്കുന്നവരാ ഞങ്ങള്‍ .  ഒരു ദേശത്തിന്‍റെ സംസ്കാരമാണ് ഈ വക തിരിവില്ലാത്ത പയ്യന്‍ തെറ്റിച്ചത് . 

ഫിരോസിനോടു ശത്രുത ഉള്ളവര്‍ അവനു നേരിട്ട അത്യാഹിതത്തില്‍ സന്തോഷിച്ചു .  ചില പുത്തന്‍ വാദികള്‍ അവനെ വിപ്ലവകാരിയായി പ്രഖ്യാപിച്ചു .  അവന്‍റെ നിര്‍ബന്ധത്തിനുവഴങ്ങി അവസാനം കദീത്ത കല്യാണത്തിന് സമ്മതിച്ചു .......

കല്യാണം കഴിഞ്ഞ അന്ന് തന്നെ  പെണ്ണ് ചട്ടീം കലവുമെടുത്തു പയ്യന്‍റെ കൂടെ അവന്‍റെ വീട്ടില്‍ താമസമുറപ്പിച്ചു ...
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കല്യാണം കഴിഞ്ഞ വീട്ടിലേക്കു ആഫ്രിക്കയില്‍ നിന്നും വന്ന സോറി കാസരഗോടില്‍ നിന്നും വന്ന പുതിയ പെണ്ണിനെ കാണാന്‍ അപ്പുറത്തെ വീട്ടിലെ സ്ത്രീകള്‍ പോയി .  തിരികെ വരുമ്പോള്‍ അവരെ കണ്ട ഞാന്‍ മര്യാദക്ക് വേണ്ടി ചോദിച്ചു .  പെണ്ണ് എങ്ങിനെ ഉണ്ട് .  ഉടന്‍ തന്നെ ആയിശ്ത്ത തുടങ്ങി .  എന്തൊരു പണിയാ ആ ചെക്കന്‍ കാണിച്ചത് .  ആ പെണ്ണിനോട് സംസാരിച്ചു എന്‍റെ മലയാളം തന്നെ എനിക്ക് തെറ്റി പോയി.  ചെറുപ്പത്തില്‍ കഷ്ടപ്പെട്ടു സ്കൂളില്‍ പോയി പഠിച്ച മലയാളം വരെ തെറ്റി പോയില്ലേ അവളോട്‌ സംസാരിച്ചിട്ട്.    അവളുടെ മലയാളം ഉണ്ടോ ആര്‍ക്കെങ്കിലും മനസ്സിലാകുന്നു  . 

ആ ഫിറോസ്‌  വല്ലാത്ത ചതിയല്ലേ ചെയ്തത് നമ്മോട് .  കൂട്ടത്തിലെ ഉള്ള ഒരു ചെറുപ്പക്കാരി പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നു കിടുങ്ങി .  എന്താണീ യുവതി പറയാന്‍ പോകുന്നത് .  അവന്‍  വല്ല ചതിയും ചെയ്തോ . 
എന്‍റെ മനസ്സില്‍ വേണ്ടാത്ത പലതും വന്നുവെങ്കിലും യുവതി തന്നെ കൂട്ടി ചേര്‍ത്തു .  അവന്‍  വല്ല ഇന്ഗ്ലിഷ് കാരിയോ മറ്റോ കല്യാണം കഴിച്ചിരുന്നുവെങ്കില്‍നമ്മുടെ മക്കള്‍ കുറച്ചു ഇംഗ്ലീഷ് എങ്കിലും പഠിച്ചേനെ .  ഇതേതോ ഒരു ഓണം കേറാ മൂലയില്‍ നിന്നും മലയാളവും കന്നഡയും ഉര്‍ദുവും  മിക്സ് ആക്കി സംസാരിക്കുന്ന പെണ്ണിനെ കെട്ടി കൊണ്ട് വന്നിരിക്കുന്നു .....