മനോഹരവും അതി വിശാലവും ആയിരുന്നു അല്‍ ഐനിലെ ഖലീഫാ പാര്‍ക്ക് . വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളില്‍ പാര്‍ക്കില്‍ പോകാറുണ്ടായിരുന്ന പതിവുണ്ടായിരുന്നു എനിക്ക് സമയം കിട്ടുമ്പോഴൊക്കെ.. പാര്‍കിലുള്ള ഏതെങ്കിലും മരത്തിന്‍റെ കീഴെ ഇരുന്നു ചുറ്റുപാട് ഒക്കെ ഒന്ന് കണ്ണോടിക്കല്‍ ഒരു രസമുള്ള പരിപാടി ആയിരുന്നു . എല്ലാം മറന്നു കുറച്ചു മണിക്കൂറുകള്‍ . യാന്ത്രികമായ മരുഭൂമി ജീവിതത്തിനിടയില്‍ കുറച്ചു സമയം മനുഷ്യനായി ജീവിക്കാന്‍ , ജോലിയുടെ സമ്മര്‍ദ്ദം ഇല്ലാതെ ശാന്തമായി ഇരുന്നു മനസ്സിനെ തണുപ്പിക്കാനും ഞാന്‍ കണ്ട ഒരു എളുപ്പ വഴി ആയിരുന്നു ഈ പാര്‍കിലുള്ള ഇരുത്തം . അത് കൂടാതെ മനസ്സിനിഷ്ടപെട്ട ഭക്ഷണവും കഴിക്കാന്‍ പാര്‍ക്ക് തന്നെ ആയിരുന്നു ശരണം . ബാചിലെര്‍ റൂമിലെ താമസത്തിനിടയില്‍ ഇഷ്ടമുള്ള പല ഭക്ഷണവും കഴിക്കാന്‍ പറ്റിയിരുന്നില്ല . അതിനൊക്കെ പരിഹാരമായിരുന്നു വെള്ളിയാഴ്ചയിലെ പാര്‍ക്ക് സന്ദര്‍ശനം. ഹോട്ടലില്‍ നിന്ന് ഭക്ഷണവും പാര്സേല്‍ വാങ്ങി പാര്‍കില്‍ പോയിരുന്നു കഴിക്കാന്‍ എനിക്കെപ്പോഴും ഇഷ്ടമായിരുന്നു ...... അത് പോലെ പലരുടെയും സ്വഭാവം പിടി കിട്ടിയതും ഈ പാര്‍ക്ക് സന്ദര്‍ശന വേളയില്‍ ആയിരുന്നു ....യുവ മിഥുനങ്ങളെ പോലെ നടന്നകലുന്ന ഫിലിപ്പിനീ യുവതിയും മലയാളി യുവാവും . ലോകമേ തറവാട്. ഒരു ജാതി ഒരു മതം എന്ന വാക്കുകള്‍ അക്ഷരം പ്രതി ശരി ആണ് എന്ന് തോന്നും ഈ പാര്‍ക്കിലെ കാഴ്ചകള്‍ കണ്ടാല്‍
പതിവ് പോലെ ഒരു വെള്ളിയാഴ്ചയും ഞാന്‍ പാര്‍ക്കിലെത്തി. മെല്ലെ ആരുമില്ലാത്ത ഒരു മരത്തിന്‍റെ കീഴെ ഇരിപ്പുറപ്പിച്ചു . കുറച്ചു സമയം ശാന്തമായി ആലോചനകളില്‍ മുഴുകി . മൊബൈലില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുഹമ്മദ് റാഫി സാഹിബിന്‍റെ പാട്ടുകള്‍ . ഇതിനിടയില്‍ ഒരു പാകിസ്ഥാനി യുവാവ് വന്നു അടുത്തിരുന്നു . എനിക്കിഷ്ടപ്പെട്ടില്ലെന്കിലും ഞാന്‍ ഒന്ന് ചിരിച്ചു . ഞങ്ങള് പരിചയപ്പെട്ടു . പാകിസ്ഥാനി യുവാവിന്‍റെ പേര് ഖുല്‍ ബര്‍ ഖാന്‍ . ഒരു പട്ടാണി ടാക്സി ഡ്രൈവര്‍. ഞങ്ങള്‍ കുറച്ചു സമയം വര്‍ത്തമാനം പറഞ്ഞിരുന്നു. ചുരുക്കി പറഞ്ഞാല്‍ എനിക്കൊരു പട്ടാണി സുഹൃത്തിനെ കൂടെ കിട്ടി . പട്ടാണി ആണെങ്കിലും നല്ല വൃത്തി ഉണ്ട്. മറ്റുള്ള പട്ടാണികളെ പോലെ അല്ല . ദിവസവും കുളിക്കുന്ന ആളാണെന്ന് തോന്നി . ഖുല്‍ ബര്‍ ഖാന്‍ സ്കൂള്‍ വിദ്യാഭ്യാസം ഉണ്ടെന്നു സ്വല്‍പ്പം അഹങ്കാരതോടെയും അഭിമാനത്തോടെയും എന്നോട് പറഞ്ഞു . കുറച്ചു കഴിഞ്ഞു ഖുല്‍ ബര്‍ ഖാന്‍ പോക്കെട്ടില്‍ നിന്ന് ഒരു വാക്ക് മാന്‍ സെറ്റെടുത്തു. ഹെഡ് സെറ്റ് ചെവിയില്‍ കുത്തി പാട്ട് കേള്‍ക്കാന്‍ ആരംഭിച്ചു . ഇടയ്ക്കിടെ ഖുല്‍ ബര്‍ ഖാന്‍ ശബ്ദം പുറത്തു കേള്‍ക്കുന്നുണ്ടോ എന്നൊക്കെ നോക്കുന്നുണ്ടായിരുന്നു. ഞാന്‍ കരുതി നല്ല ഏതെങ്കിലും ഒരു പാട്ട് ആയിരിക്കുമെന്നു . ഞാന്‍ ഏത് പാട്ടാണെന്ന് ചോദിച്ചെങ്കിലും ഖുല്‍ ബര്‍ ഖാന്‍ മറുപടി ഒരു ചിരിയില്‍ ഒതുക്കി . ഖുല്‍ ബാര്‍ ഖാന്‍ ചെവിയില്‍ ഹെഡ് സെറ്റും വെച്ചു അതില്‍ മുഴുകി , ഞാനെന്‍റെ ചിന്തകളുമായി കുറച്ചു മാറിയിരുന്നു ..പിന്നെ പിന്നെ എല്ലാ വെള്ളിയാഴ്ചകളിലും ഞാനും ഖുല്‍ ബര്‍ ഖാനും പാര്‍കില്‍ കണ്ടു മുട്ടുക പതിവായി . ചിലപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചു ഭക്ഷണം കഴിക്കും . ഇടയ്ക്കിടെ ഖുല്‍ ബര്‍ ഖാന്‍ ഹെഡ് സെറ്റെടുത്തു ചെവിയില്‍ വെക്കും .
ഒരു പ്രാവശ്യം ഞാന്‍ കേട്ടു വാക്മാനില്‍ നിന്ന് സുന്ദരമായ ഒരു പെണ്‍ ശബ്ദം . എന്തോ സംസാരിക്കുന്നത് പോലെ . എന്‍റെ ആകാംഷ ഇരച്ചു കയറി . എന്‍റെ ചോദ്യത്തിന് മുന്നില്‍ ഖുല്‍ ബര്‍ ഖാന്‍ എന്ന നല്ല പാകിസ്ഥാനി ഉത്തരം തന്നു . അവന്‍റെ ഭാര്യ അവനിക്ക് അയച്ച കത്താണ് . ഖുല്‍ ബര്‍ ഖാന്‍റെ നാട്ടില്‍ ആരും കത്തയക്കാറില്ല പകരം കാസെറ്റ് ആണ് . ഖുല്‍ ബര്‍ ഖാന്‍ ഇവിടെ നിന്ന് റെക്കോര്‍ഡ് ചെയ്തു കാസെറ്റ് നാട്ടിലേക്കു അയക്കും . അതിനു മറുപടി അവന്‍റെ ഭാര്യ വേറൊരു കാസേട്ടില്‍ ഗള്‍ഫിലേക്ക് അയക്കും . എഴുത്തും വായനയും അറിയാത്ത പഠാണി സമൂഹം കണ്ടു പിടിച്ച ഒരു എളുപ്പ വഴി ...
ഒരു വെള്ളിയാഴ്ച ഞാന്‍ പാര്‍ക്കിലെതുമ്പോള്‍ എന്നെയും കാത്തു ഖുല്‍ ബര്‍ ഖാന്‍ ഇരിക്കുന്നു . ദുഖ ഭാരത്തോടെ . എന്നെ കണ്ട ഉടനെ ഖുല്‍ ബര്‍ ഖാന്‍ പോക്കെട്ടില്‍ നിന്ന് വാക്മാന്‍ എടുത്തു പുറത്തു വെച്ച് ഹെഡ് സെറ്റില്ലാതെ പ്ലേ ചെയ്യാന്‍ തുടങ്ങി . കൊന്നാലും ഭാര്യയുടെ ശബ്ദവും ചിത്രവും പുറത്തു കാണിക്കാത്ത പട്ടാണികളില്‍ പെട്ട ഈ ഖുല്‍ ബര്‍ ഖാന്‍ എന്ത് പറ്റി . എനിക്ക് ആശ്ചര്യമായി . ഞാന്‍ ഒന്നും ചോദിക്കുന്നതിനു മുമ്പ് തന്നെ വാക്ക് മാന്‍ ശബ്ദിക്കാന്‍ തുടങ്ങി . ശബ്ദമല്ല അതിലൂടെ കരച്ചില്ലാണ് ഒഴുകി വന്നത് . ഇടയ്ക്കിടെ ഏതോ ഒരു ഭാഷയില്‍ എന്തോ പിറു പിരുക്കുന്നുന്ടായിരുന്നു. എനിക്കൊന്നും മനസ്സിലായില്ല . പക്ഷെ ഖുല്‍ ബര്‍ ഖാന്‍ എന്ന എന്‍റെ സുഹൃത്തിനു എന്തോ പറ്റി എന്നെനിക്ക് മനസ്സിലായി .
ഖുല്‍ ബര്‍ ഖാന്‍ മെല്ലെ അവന്‍ കൊണ്ട് വന്ന തണ്ടൂരി ചിക്കനും റൊട്ടിയും എനിക്കായി തുറന്നു വെച്ചു . കഥ പറയാന്‍ തുടങ്ങി . ഞാന്‍ തിന്നാനും തുടങ്ങി . ഖുല്‍ ബര്‍ ഖാന്‍ പറഞ്ഞു തുടങ്ങി അവന്‍റെ വീട്ടുകാരെ പറ്റി . അവന്‍റെ അമ്മക്ക് അഞ്ചു ആണ്‍ മക്കള്‍ . ഖുല്‍ ബര്‍ ഖാന്‍ ഏറ്റവും ഇളയവന്‍ . നാട്ടിലെ അറിയപ്പെടുന്ന ഒരു ഗുണ്ട ആയ ഖുല്‍ ബര്‍ ഖാന്‍റെ ഏട്ടന്‍ ആണ് വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് . അയാളെ എല്ലാവര്ക്കും ഭയമാണ് . ഖുല്‍ ബര്‍ ഖാന്‍റെ ഭാര്യ റഹ്മ ഒരു നല്ല കുടുംബത്തില്‍ നിന്നും വന്നവള്‍ . അവള്‍ക്കു ഖുല്‍ ബര്‍ ഖാന്‍റെ ഏട്ടന്റെ സ്വഭാവം ഇഷ്ടപ്പെടാത്തത് കൊണ്ട് ചെറിയ വഴക്ക് ആയി . വീട്ടുകാരെല്ലാം ഖുല്‍ ബര്‍ ഖാന്‍റെ ഏട്ടന്റെ ഭാഗത്താനു. ഖുല്‍ ബര്‍ ഖാന്‍റെ ഭാഷ മലയാളത്തിലേക്ക് ഞാന്‍ തര്‍ജമ ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായി . പ്രശ്നം വലുതാണ് . കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടിയേക്കാള്‍ വലിയ ഗ്രൂപ് വഴക്ക് . ഒരു ഭാഗത്ത് ഖുല്‍ ബര്‍ ഖാന്‍റെ കുടുംബം മുഴുവനും മറു ഭാഗത്ത് ഖുല്‍ ബര്‍ ഖാന്‍റെ ഭാര്യ ഒറ്റയ്ക്കും.
ഖുല്‍ ബര്‍ ഖാന്‍റെ ഏട്ടന്‍ ഒരു കാസെറ്റ് കൊടുത്തയച്ചു ഖുല്‍ ബര്‍ ഖാന്, അവന്‍റെ ഭാര്യയെ കുറിച്ച് ഇല്ലാ കഥകള്‍ നിറഞ്ഞ ഒരു കാസെറ്റ് . കൂടെ ഒരു നിര്‍ദേശവും . എത്രയും പെട്ടെന്ന് ഭാര്യയെ ഒഴിവാക്കണം. ഭാര്യയും കൊടുത്തു വിട്ടു ഒരു കാസെറ്റ് , അതില്‍ നിറയെ കരച്ചില്‍ ആയിരുന്നു . ഒരു അബലയുടെ കരച്ചില്‍ . അതാണ് ഖുല്‍ ബര്‍ ഖാന്‍ എന്‍റെ സമാധാനം കെടുത്താന്‍ വേണ്ടി എന്നെ കേള്‍പ്പിച്ചത് . പാവം. എനിക്ക് തന്നെ സങ്കടം വന്നു . ഏതോ ഒരു ഗ്രാമതിലിരുന്നു വിതുമ്പി കരയുന്ന സഹോദരി . അവളുടെ ആവശ്യം ഖുല്‍ ബര്‍ ഖാന്‍ ഗള്‍ഫ് മതിയാകി നാട്ടിലേക്കു തിരിച്ചു വരണമെന്നാണ് . ന്യായമായ ഒരു ആവശ്യം. ഒരു പെണ്ണിന്‍റെ അവകാശം .
ഖുല്‍ ബര്‍ ഖാന്‍റെ ഏട്ടന്റെ ആവശ്യം അവളെ മൊഴി ചൊല്ലി ഒഴിവാക്കണം എന്നാണു . ഏട്ടനെ ഭയക്കുന്ന ഖുല്‍ ബര്‍ ഖാന്‍ , അമ്മയെ സ്നേഹിക്കുന്ന ഖുല്‍ ബര്‍ ഖാന്‍ , ഭാര്യയെ സ്നേഹിക്കുന്ന ഖുല്‍ ബര്‍ ഖാന്‍ . അവനു ഭാര്യയെ ഒഴിവാക്കുന്നത് സ്വപ്നം പോലും കാണാന്‍ പറ്റില്ല . ധര്‍മ സങ്കടത്തിലായ പാവം പഠാണി എന്നെയും കുഴപ്പിച്ചു . ആരെയും പിണക്കാതെ ഒരു അഞ്ചാറു മാസം കൂടി ഈ ഗള്‍ഫില്‍ നില്‍ക്കാന്‍ പാവം ഖുല്‍ ബര്‍ ഖാന്‍ എന്നോട് ഒരു പോം വഴി ചോദിച്ചു .
ഞാന്‍ ഒന്നും പറഞ്ഞില്ല, ഒരു വഴിയും കാണാതെ ഞാന്‍ പാര്‍കിലെ മര ചുവട്ടില്‍ മലര്‍ന്നു കിടന്നു . സ്വല്‍പ്പം മന സമാധാനം തേടി പാര്‍ക്കിലേക്ക് വന്ന ഞാന്‍ വലിയ സങ്കടതിലേക്ക് . പാകിസ്ഥാനില്‍ ഉള്ള ഖുല്‍ ബര്‍ ഖാന്‍റെ ഭാര്യയുടെ ഏങ്ങി കരച്ചില്‍ പാവം ഖുല്‍ ബര്‍ ഖാന്‍ കേട്ടു കൊണ്ടിരിക്കുന്നു . അതിനൊപ്പം താളമോപ്പിച്ചു ഖുല്‍ ബര്‍ ഖാനും കരയുന്നു . പെട്ടെന്ന് ഞാന്‍ ചാടി എഴുന്നേറ്റു . യുരേക്കാ, യുരേക്കാ എന്ന് വിളിച്ചു കൂവാന്‍ തോന്നി . പാവം പഠാണിക്ക് എന്ത് യുരേക്കാ. ഞാന്‍ മെല്ലെ ഖുല്‍ ബര്‍ ഖാനെ കെട്ടി പിടിച്ചു . നല്ല ഷാമ്പുവിന്‍റെ മണം മൂക്കിലേക്ക് കയറി . എന്റെ ചെറിയ തലക്കകത്ത് വിരിഞ്ഞ മലബാറി ബുദ്ധി. കുബുദ്ധി ....
രണ്ടു കാസേട്ടിനും മറുപടി ആക്കാന്‍ പറഞ്ഞു ഞാന്‍ ഖുല്‍ ബര്‍ ഖാനോട് . ഒന്ന് ഖുല്‍ ബര്‍ ഖാന്‍റെ ചേട്ടന് . അതില്‍ നിറയെ ഭാര്യയെ കുറിച്ച് കുറ്റങ്ങള്‍ . ഏട്ടനെയും വീട്ടുകാരെയും കുറിച്ച് നല്ല വാക്കുകള്‍ . അവസാനം എട്ടനോട് പറയാനും പറഞ്ഞു ആറു മാസം വരെ അവളെ ഒന്നും ചെയ്യണ്ട. നാടിലെതിയിട്ടു ഖുല്‍ ബര്‍ ഖാന്‍ തന്നെ ഒഴിവാക്കി കൊള്ളാം എന്നും . രണ്ടാമത്തെ കാസെറ്റ് ഖുല്‍ ബര്‍ ഖാന്‍റെ സ്വന്തം ഭാര്യക്ക് . അതില്‍ നിറയെ ഭാര്യയെ കുറിച്ച് സ്നേഹത്തോടെ നല്ല വാക്കുകള്‍ . ചേട്ടനെയും വീട്ടുകാരെയും കുറിച്ച് കുറ്റങ്ങളും . അതിലും പറഞ്ഞു ഒരു ആറു മാസം കഴിഞ്ഞാല്‍ ഗള്‍ഫ് മതിയാകി നാട്ടിലെതുമെന്നും പിന്നെ വേറെ വീടെടുത്തു താമസിക്കാം എന്നും .......
ഞാന്‍ സന്തോഷത്തോടെ റൂമിലെത്തി . എന്റെ മുഖത്ത് സന്തോഷം തിരി തല്ലി . റൂമില്‍ ബഷീര്‍ മൂന്നാമനും ഖാദേരും ഉണക്ക കുബ്ബൂസും പരിപ്പും കൂട്ടി കഴിക്കുമ്പോള്‍ ഖുല്‍ ബര്‍ ഖാന്‍ കൊണ്ട് വന്ന തണ്ടൂരി ചിക്കന്‍ കഴിച്ച സന്തോഷത്തിലും പിന്നെ ഒരു വലിയ പ്രശ്നം ഇലക്കും മുള്ളിനും കേടില്ലാതെ പരിഹരിച്ച സന്തോഷതിലുമായിരുന്നു ഞാന്‍
രണ്ടു കാസെട്ടും രണ്ടു കവരിലാകി നാട്ടിലേക്കു അയച്ചു ഖുല്‍ ബര്‍ ഖാന്‍ മറുപടിക്കായി കാത്തു നില്‍കാന്‍ തുടങ്ങി . ദിവസങ്ങള്‍ കഴിഞ്ഞു. വെള്ളിയാഴ്ചകള്‍ പലതും കഴിഞ്ഞു . ഞാന്‍ പാര്കില്‍ ഒറ്റക്കായി . ഖുല്‍ ബര്‍ ഖാന്‍റെ പോടീ പോലും ഇല്ല കണ്ടു പിടിക്കാന്‍ . എന്‍റെ തണ്ടൂരി ചിക്കന്‍ തീറ്റ അവസാനിച്ചു . ഒരു വെള്ളിയാഴ്ച കണ്ടു അവനെ പാര്‍ക്കില്‍. ഒരു പ്രാന്തനെ പോലെ . കുളിച്ചിട്ടു ദിവസങ്ങള്‍ ആയി . ഞാന്‍ മെല്ലെ അടുത്ത് പോയി . പാവം ഖുല്‍ ബര്‍ ഖാന്‍ എന്നെ മനസ്സിലായില്ലേ . മുഖത്തു നിര്‍വികാരത . കുറെ സമയം ഞാന്‍ അവിടെ ഇരുന്നു . കുറെ കഴിഞ്ഞപ്പോള്‍ ഖുല്‍ ബര്‍ ഖാന്‍ എന്‍റെ അടുത്ത് വന്നു . മെല്ലെ പറഞ്ഞു . ഞാന്‍ വിസ ക്യാന്‍സല്‍ ചെയ്തു നാട്ടിലേക്കു പോകുന്നു . ഏട്ടന്‍ പുതിയൊരു തോക്ക് വാങ്ങി . തോക്കും വിസ ക്യാന്‍സലും തമ്മില്‍ എന്ത് ബന്ധം . ഞാന്‍ എന്തിനാണ് തോക്ക് വാങ്ങിയത് എന്ന് ചോദിയ്ക്കാന്‍ തുടങ്ങുന്നതിനു മുമ്പേ അവന്‍ കൂട്ടി ചേര്‍ത്തു . എന്നെ കൊല്ലാന്‍ ആണ് പുതിയ തോക്ക് . അപ്പോള്‍ ഭാര്യ. ഞാന്‍ ആകാംഷ പൂര്‍വം ചോദിച്ചു . ഭാര്യാ അവളും പോയി എന്നെ ഉപേക്ഷിച്ചു . എല്ലാം പോയി എല്ലാം പോയി , പാവം ഖുല്‍ ബര്‍ ഖാന്‍ കരയാന്‍ തുടങ്ങി . പക്ഷെ കണ്ണില്‍ നിന്നും ഒരിറ്റു കണ്ണ് നീര്‍ വന്നില്ല . അതൊക്കെ വറ്റി പോയിരുന്നു . ദിവസങ്ങള്‍ ആയി ഖുല്‍ ബര്‍ ഖാന്‍ കരച്ചില്‍ തുടങ്ങിയിട്ട് . നിര്‍ത്താതെയുള്ള കരച്ചില്‍ . കേരളത്തിലെ മഴ കാലം പോലെ .
എനിക്കൊന്നും മനസ്സിലായില്ല . വിതുങ്ങി കരച്ചിലിനിടയില്‍ ഇടി വെട്ടു പോലെ ഖുല്‍ ബര്‍ ഖാന്‍റെ പിറു പിറുക്കല്‍ എന്‍റെ ചെവിയില്‍ തുളച്ചു കയറി . കാസെറ്റ് രണ്ടും മാറി പോയി . ഏട്ടന് വേണ്ടി റെക്കോര്‍ഡ് ചെയ്ത കാസെറ്റ് ഭാര്യക്കാണ് കിട്ടിയത് . ഭാര്യക്ക് കൊടുക്കേണ്ടത് ഏട്ടനും . തിരക്കിനിടയില്‍ കാസ്സെറ്റ് ഒട്ടിച്ച കവറില്‍ പേര് മാറി പോയി . പാവം ഖുല്‍ ബര്‍ ഖാന്‍ . എന്നോട് യാത്ര പറഞ്ഞു ഖുല്‍ ബര്‍ ഖാന്‍ പോയി എന്നെന്നേക്കുമായി .
വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ ഇപ്പോളും ഖുല്‍ ബര്‍ ഖാന് പറ്റിയ അമളി ഓര്‍ത്തു സങ്കടപ്പെടും . പാവം . ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ. ഉണ്ടെങ്കില്‍ ........ എനി വരില്ല എന്‍റെ അടുത്ത് ഒരു ഐഡിയ ചോദിച്ചും കൊണ്ട് .