വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

അഞ്ജല

മുഹമ്മദ്‌,  നീ മരണത്തെ അഭിമുഖീകരിച്ചിട്ടുണ്ടോ,

ചോദ്യം എന്നോടായത് കൊണ്ടും ചോദിക്കുന്ന വ്യക്തി  കറുത്ത തടിച്ച കുത്താന്‍ വരുന്ന കാട്ടുപോത്തിന്റെ രൂപ ബന്ഗിയുമുള്ള അഞ്ജല എന്ന ആഫ്രികന്‍ സ്ത്രീ ആയത് കൊണ്ടും ഞാന്‍ ശരിക്കുമോന്നു ഭയന്നു .
മരണവും മരണാനന്തര ജീവിതവും എന്‍റെ ഒര്മയിലെത്തി .  കൂട്ടിനു എന്‍റെ നാട്ടിലെ വിശാലമായ പള്ളി മൈതാനവും . കുട്ടിക്കാലത്തെ എന്റെ പേടി സ്വപ്നങ്ങളില്‍ ഒന്നായിരുന്നു ഈ മൈതാനം .  ഉടുമ്പുന്തല ജുമാ മസ്ജിദിനു കുറച്ചു അകലെ ആയി സ്ഥിതി ചെയ്യുന്ന വിശാലമായ മൈതാനം .  എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കാത്ത കശുമാവിനും ഇവിടെ എന്തോ ഒരു രൌദ്ര ഭാവം .  എപ്പോഴും ചിരിച്ചു കൊണ്ട് ആള്‍ക്കാരെ മാടി വിളിക്കുന്ന മൈലാഞ്ചി ചെടികള്‍ക്കും ഇവിടെ എന്തോ ഒരു ഭയം  . മരണ വാര്‍ത്ത കാത്തു ചെവിയോര്‍ത്തു നില്‍ക്കുന്നത്‌ പോലെ . മണല്‍ തരികള്‍ക്ക് പോലും ഗൌരവം .  കല പില ആക്കുന്ന കാക്കകള്‍ പോലും ഇവിടെ എത്തുമ്പോള്‍ ഭയപ്പെടുന്നു . കവ്വായി പുഴയില്‍ നിന്നും വീശുന്ന തണുത്ത കാറ്റിനു പോലും ശോക ഗാനത്തിന്‍റെ താളം.  ഇവിടെയാണ്‌ പഴയ പ്രമാണിമാരെയും ജന്മിമാരെയും മറമാടിയത് .  ഇവിടെ തന്നെയാണ് പാവപ്പെട്ടവനും  കിടക്കുന്നത് .. 
മണിയറയില്‍ എ സി ഇല്ലാത്തതിന്റെ പേരിലും മണിയറയില്‍ സൌകര്യങ്ങള്‍  കുറവെന്ന് പറഞ്ഞും  ഭാര്യ വീട്ടുകാരോട് കലഹിക്കുന്ന ഇന്നത്തെ പുതിയാപിലമാരും വന്നു കിടക്കേണ്ട സ്ഥലം . 
എന്‍റെ വീട്ടിനടുത്തായത് കൊണ്ട് പലപ്പോഴും ഈ മൈതാനം മുറിച്ചു നടക്കേണ്ടി വന്നിട്ടുണ്ട് .  ഇതൊരു എളുപ്പ വഴി ആയിരുന്നു പള്ളിയിലെക്കും ഫുട്ബാള്‍ ഗ്രൌണ്ടിലേക്കുമുള്ള . 
മൈതാനം മുറിച്ചു കിടക്കുമ്പോള്‍. ഞാന്‍ അറിയാതെ തന്നെ ഹുസൈന്‍ ബോള്‍ട്ട് ആയി മാറും .  അതിവേഗം ബഹു ദൂരം .  ഒറ്റ ശ്വാസത്തില്‍ ഞാന്‍ മൈതാനം മുറിച്ചു കിടക്കും .  അതിനടിയില്‍ ആയത്തുല്‍ കുര്‍സിയ്യും ഓതി തീര്‍ന്നുട്ടുണ്ടാവും.  അതൊരു ധൈര്യതിനാണ്‌  ശൈത്താന്‍മാര്‍ അടുക്കാതിരിക്കാന്‍ .  ചിലപ്പോള്‍ എന്നെ കണ്ടു ശൈതാന്മാരും പേടിച്ചു ഓടുന്നുണ്ടാകും . 
അഞ്ജലയുടെ ശബ്ദം എന്നെ ഉണര്‍ത്തി .  അവള്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു .  കയ്യിലുണ്ടായിരുന്ന ഒരു ഗ്ലാസ്‌ വെള്ളം ഞാന്‍ ഒറ്റയടിക്ക് കുടിച്ചു തീര്‍ത്തു .  എന്നിട്ടും ദാഹം ബാക്കി.  കാലീ ആയ ഗ്ലാസ്‌ നോക്കി ഞാന്‍ വെറുതെ നിന്നു... ഉത്തരമില്ലാത്ത ചോദ്യം .  അല്ലെങ്കില്‍ പറയാന്‍ അതുമല്ലെങ്കില്‍ ചിന്തിക്കാന്‍ പോലും ഇഷ്ടപെടാത്ത ചോദ്യം . മരണം .  . നല്ല മനസ്സിന്‍റെ ഉടമകള്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ ആധുനിക യുഗത്തില്‍ ഒരു നല്ല മന്ഷ്യന്‍ മരിച്ചാല്‍ സങ്കടമാണ്.. ഭര്‍ത്താവിന്റെ മൃത ശരീരത്തിന് മുന്നില്‍ കരച്ചലോടെ നില്‍ക്കുന്ന ഭാര്യ.  എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന മക്കള്‍.  ആര് ഇഷ്ടപ്പെടും ഇതൊക്കെ ഓര്‍ക്കാന്‍ .  
എനി അഞ്ജലയെ പരിചയപ്പെടാം .  ഭര്‍ത്താവ് മരിച്ച ആഫ്രിക്കന്‍ സ്ത്രീ . നാല്പതിനു മുകളില്‍ പ്രായം .  ഒരു മകള്‍ മാത്രം .  കെനിയയില്‍ കോളേജില്‍ പഠിക്കുന്നു . എന്‍റെ ഓഫീസിലെ ഡയറക്ടരുടെ സെക്രട്ടറി .  നല്ല ശമ്പളം .  എന്നിട്ടും താമസം പല സ്ത്രീകളുടെ കൂടെ ഷെയറിങ്ങില്‍ .  അഞ്ചു പൈസ ചിലവക്കാത്ത പ്രകൃതം .  വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ട് വരും .  പുറത്തു നിന്ന് ഒന്നും വാങ്ങില്ല .ചിലപ്പോള്‍ ഏതെങ്കിലും ബിസ്കറ്റിന്റെ പാക്കറ്റ് ഉണ്ടാകും .  അതില്‍ നിന്നു പകുതി എനിക്ക് തരും ചിലപ്പോള്‍ .  തിരെക്കേറിയ ഓഫീസ് സമയത്ത്  ഓസിനു കിട്ടിയ ബിസ്കറ്റും സുലൈമാനിയെന്ന കട്ടന്‍ ചായയും ഒരു രസമാണ് .   എല്ലാവരും അഞ്ജലയെ പിശുക്കി തള്ള എന്നാണ് വിളിക്കാറുള്ളത് .  ഞാനും വിളിക്കും അഞ്ജല കേള്‍ക്കാതെ .   ഒരിക്കല്‍ ഞാന്‍ തന്നെ അവരോടു ചോദിച്ചു .  നിങ്ങള്‍ എന്തിനാണ് ഇങ്ങിനെ പിശുക്കി ജീവിക്കുന്നത് .  കാശൊക്കെ ചിലവാകി നല്ല രീതിയില്‍ ചിലവഴിച്ചു കൂടെ.  അതിനുത്തരം തന്നത് അഞ്ജല വേറൊരു ചോദ്യവുമായാണ് .  ഞാന്‍ എങ്ങിനെ കാഷ്‌ ചിലവാക്കും . 
അവള്‍ കമ്പ്യൂട്ടറില്‍ ഒരു എക്സെല്‍ ഫയല്‍ ഓപ്പണ്‍ ആക്കി എനിക്ക് കാണിച്ചു തന്നു .  അതില്‍ വളരെ ചെറിയ തുക മാത്രം അഞ്ജലക്ക് ചെലവ്.  അതിലും ചെറിയ തുക അഞ്ജലയുടെ അമ്മയ്ക്കും മകള്‍ക്കും വേണ്ടി നാട്ടിലേക്കു അയക്കും .  പിന്നെ ഒരു വലിയ തുക കണ്ടു ആരുടേയും പേരില്ലാതെ . 
ഞാന്‍ എന്‍റെ മനസ്സില്‍ കരുതി ഇത് അഞ്ജല ബാങ്കിലേക്ക് അയക്കുന്നതായിരിക്കും എന്ന് .  പിശുക്കി തള്ളെ എന്‍റെ മനസ്സ്  വീണ്ടും വീണ്ടും മന്ത്രിച്ചു .  അഞ്ജല വീണ്ടും പറയാന്‍ തുടങ്ങി .  അവരുടെ ഗ്രാമത്തിനെ കുറിച്ച് .  പട്ടിണി പാവങ്ങള്‍ നിറഞ്ഞ ഗ്രാമം .  അവിടെ അഞ്ജലയുടെ കുടുംബം മാത്രമാണ് മൂന്നു നേരം ഭക്ഷണം കഴിക്കുന്നവര്‍ .  ബാക്കി എല്ലാവരും ഒരു നേരം കഴിച്ചാല്‍ ഭാഗ്യം .  അത്രയ്ക്ക് പാവങ്ങളായിരുന്നു.  അഞ്ജല അവിടെ ഒരു ട്രസ്റ്റ്‌ രൂപീകരിച്ചു .  അവളുടെ മകള്‍ ആണ് എല്ലാം നോക്കി നടത്തുന്നത് .  അഞ്ജലയും മകളും പരമാവധി ഒതുങ്ങി ചിലവഴിച്ചു ബാകിയുള്ള തുക മുഴുവന്‍ ട്രസ്റ്റനു കൊടുക്കും . ട്രസ്റ്റ്‌ ഭക്ഷണ സാധങ്ങങ്ങളും പഠനോപകരണങ്ങളും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും .  അഞ്ജല ഇത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കണ്ണ് നിരഞ്ഞിട്ടുണ്ടായിരുന്നു .  ഇതാരോടും പറയരുതെന്നും അവര്‍ ആവശ്യപ്പെട്ടു .  എല്ലാവരുടെയും മുന്നില്‍ പിശുക്കി ആയി ജീവിക്കാന്‍ തന്നെ അവര്‍ ഇഷ്ടപ്പെട്ടു .  ഇത്രയും നല്ല മനസ്സുള്ള അഞ്ജലയെ  ആണ്  നമ്മള്‍ പിശുക്കി എന്ന് വിളിച്ചു കുറ്റപ്പെടുത്തുന്നത് .  സമൂഹത്തില്‍ നന്മകള്‍ ഒന്നും ചെയാത്ത ബാക്കിഉള്ളവര്‍  നല്ല പിള്ള ചമയുന്നു .  വില കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്ന അഞ്ജല നാട്ടിലെ പാവപ്പെട്ട കുട്ടികള്‍  നല്ല വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നു .   

വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകുന്ന പതിവുണ്ട് അഞ്ജലക്ക് .  ഒരാഴ്ച മുമ്പ് ഒരു  ദിവസം നടന്നു നടന്നു ക്ഷീണിച്ചപ്പോള്‍ പുല്‍ മൈതാനത്ത്‌ ഇരുന്നു .  പെട്ടെന്ന് എന്തോ ഒന്ന് ശക്തിയായി അവളുടെ കാലില്‍ കടിച്ചു  അവള്‍ക്കുറപ്പായി അതൊരു പാമ്പ്‌ ആണെന്ന് .  ഉടനെ അവര്‍ വിളിച്ചു കൂവി ആളെ കൂട്ടി . അവിടെ ആള്‍ക്കാര്‍ ഓടി കൂടി.  ഒരു പാകിസ്ഥാനി യുവാവ്‌ അവളെ വണ്ടിയില്‍ കയറ്റി ഹോസ്പിടലിലേക്ക് കൊണ്ട് പോയി .  (അവിടെ ഇന്ത്യക്കാരും ഓടി കൂടിയെങ്കിലും ആരും ഹോസ്പിറ്റലില്‍ എത്തിക്കാന്‍ ശ്രമിച്ചില്ല എന്നും അഞ്ജല എന്നോട് പറഞ്ഞു.  ഇന്ത്യക്കാര്‍ എന്ന് അഞ്ജല പറഞ്ഞെങ്കിലും എനിക്കുറപ്പ അത് മലയാളികള്‍ ആയിരിക്കും എന്ന് .  കണ്ണില്‍ ചോര ഇല്ലാത്ത വര്‍ഗം നമ്മള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ ) കറക്റ്റ് സമയത്ത് അഞ്ജലയെ ഹോസ്പിറ്റലില്‍ എത്തിച്ചത് കൊണ്ട് രക്ഷപ്പെട്ടു .  വളരെ അപൂര്‍വമായി മരുഭൂമിയില്‍ കാണപ്പെടുന്ന ഒരിനം പാമ്പാണ് അവരെ കടിച്ചത് . 
അഞ്ജല എന്നോട് പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു, മുഹമ്മദേ ,  ആ അവസ്ഥ ദയനീയമാണ് .  നമ്മള്‍ മരിക്കുമെന്ന് തോന്നിയാല്‍ ..........  അഞ്ജല പറഞ്ഞു നിര്‍ത്തി .  എനിക്ക് മനസ്സിലായി അഞ്ജല ബാക്കി പറയാതെ തന്നെ ......
ഞാന്‍ ജോലി കഴിഞ്ഞു വീട്ടിലെതിയിട്ടും അഞ്ജല മനസ്സില്‍ നിന്ന് മാഞ്ഞിരുന്നില്ല .  അവരെ പാമ്പ് കടിച്ചിട്ടും മരിക്കാതിരുന്നത് ചിലപ്പോള്‍ അവര്‍ ചെയ്യുന്ന ധര്‍മങ്ങള്‍ കൊണ്ടായിരിക്കാം .  എന്റെ കണ്ണില്‍ നിന്നും അറിയാതെ തന്നെ ഒരിറ്റു കണ്ണ് നീര്‍ പോടിഞ്ഞിറങ്ങി .  ആളുകള്‍ ഇപ്പോളും പറഞ്ഞു കൊണ്ടിരിക്കുന്നു .  അഞ്ജല എന്ന സ്ത്രീയെ കുറിച്ച് .  പിശുക്കിന്റെ പര്യായം .  എനിയും പറഞ്ഞു കൊണ്ടിരിക്കും .  പക്ഷെ ഞാന്‍ പറയില്ല പിശുക്കി എന്ന് .  കൂട്ടിനു എനിക്കറിയാത്ത കുറെ പാവങ്ങള്‍.   അങ്ങ് ദൂരെ കെനിയയിലെ ഒരു ഗ്രാമത്തിലെ പട്ടിണി പാവങ്ങള്‍ .   അവര്‍ അന്ജലെയെ എന്ത് വിളിക്കും .  ചോദ്യങ്ങള്‍ ഒരു പാടുണ്ട് .  ഉത്തരങ്ങള്‍ക്കാന്ന്‌ പ്രയാസം .

.