ബുധനാഴ്‌ച, ജൂൺ 06, 2012

ENTE GRAMAM


 മണ്ണിന്‍റെ  ഗന്ധവും  നിഷ്കളങ്ക  സ്വഭാവവും നിറഞ്ഞ എന്റെ ഗ്രാമം.  കാസറഗോഡ് ജില്ലയുടെ തെക്കേ അറ്റത്തുള്ള കവ്വായി പുഴ അതിരിറ്റൊഴുകുന്ന ശാന്ത സുന്ദരമായ എന്‍റെ ഗ്രാമം.  ടാറിട്ട റോഡുകള്‍ വളരെ കുറഞ്ഞ ഇടവഴികള്‍ ഏറെ നിറഞ്ഞ ഗ്രാമത്തിന്റെ എല്ലാ ഊഷ്മളതയും എല്ലാ സ്വഭാവ ഗുണങ്ങളും നിറഞ്ഞ എന്റെ ഗ്രാമം.

വയലും തൊടിയും കുളവും പുഴയും കൊയ്ത്തും നിറഞ്ഞ സ്വപ്ന സുന്ദരമായ ഗ്രാമം.  ഗ്രാമത്തിന്‍റെ ഒത്ത നടുക്ക്  അങ്ങ് ദൂരെ നിന്നു പോലും കാണാവുന്ന  അതി മനോഹരമായ പഴക്കം ചെന്ന ഉടുമ്പുന്തല ജുമാ അത്ത് പള്ളി . പള്ളിയിലേക്കുള്ള വഴിയിലാണ് എപ്പോഴും മരണത്തെ ഓര്‍മ്മിപ്പിക്കുന്ന മയ്യിത്ത് മറമാടുന്ന വിശാലമായ മൈതാനി . 

പുരാതന  മുസ്ലിം തറവാടുകളുടെ ഒരു വലിയ ശേഖരം എന്‍റെ ഗ്രാമത്തില്‍ ഒരു കോട്ട പോലെ നില കൊള്ളുന്നു. ഇതിനൊക്കെ ഇടയ്ക്കു അതിരാവിലെകളില്‍ അങ്ങ് ദൂരെ  ഏഴിമലയുടെ ഭംഗിയേറിയ  മലനിരകള്‍ കാണാം . കല്യാണ തലേന്നു പുതു വസ്ത്രവുമായി കയ്യില്‍ മൈലാഞ്ചി ഇടാന്‍ വരുന്ന കൂട്ടുകാരികളെ കാത്തു നില്‍ക്കുന്ന പുതുനാരിയുടെ മൊഞ്ച് ആണ് മല നിരകള്‍ക്ക് മഴ ക്കാലങ്ങളില്‍

പള്ളിയുടെ മുന്‍പിലുള്ള ചായക്കടയും അവിടത്തെ റേഡിയോയിലെ ആകാശവാണിയും കാലിനു എപ്പോഴും സ്ഥിരതയില്ലാത്ത ആടി കൊണ്ടിരിക്കുന്ന ബഞ്ചില്‍ ഇരുന്നു പത്രം വായിക്കുകയും ബീഡി വലിച്ചു തള്ളി ലോക രാഷ്ട്രീയം പറയുന്ന നാട്ടുകാരും ഇതെല്ലാം കൂടിച്ചേര്‍ന്നു എന്‍റെ ഗ്രാമം കൂടുതല്‍ നിഷ്കളങ്കമായി .............

ഇപ്പോഴും പഴയ പുരാതനമായ അറയും മച്ചുമുള്ള വീടും  ധാരാളമുണ്ടെങ്കിലും വയലും കുളവും പുതു പുത്തന്‍ ഗള്‍ഫ്‌ കാരുടെ കൊണ്ക്രീറ്റ്‌ കെട്ടിടങ്ങള്‍ക്ക് വഴി മാറി കൊടുത്തു. 

അബു ദാബി  നഗരത്തിലൂടെ നടക്കുമ്പോള്‍ ഇന്നും എനിക്ക് ഒരു പാട് നന്മകള്‍ മാത്രം സമ്മാനിച്ച എന്‍റെ ഗ്രാമത്തെ വേദനയോടെ ഞാന്‍  ആശ്ലേഷിക്കാറുണ്ട് ........  എന്‍റെ സ്വപ്നങ്ങളിലേക്ക്  നിര്‍ത്താതെ പെയ്യുന്ന മഴയുടെ സംഗീതത്തിന്‍റെ കൂടെ  എന്‍റെ ഗ്രാമവും പലപ്പോഴും കടന്നു വരാറുണ്ട് .  എന്‍റെ  വേദനകള്‍ മനസ്സിലേക്ക് ഒപ്പിയെടുത്തു കണ്ണിനീര്‍ തുള്ളികള്‍ പുറത്തു വരാതെ മുഖത്ത്  ഒരു കോമാളിയുടെ മുഖമൂടി അണിഞ്ഞു തേങ്ങുന്ന മനസ്സുമായി പ്രവാസ ലോകത്തേക്കുള്ള യാത്ര വീണ്ടും ഓര്‍മയിലേക്ക് എത്തുന്നു ഇന്നലെ എന്ന പോലെ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷവും ............  നഷ്ടപെടലുകളുടെ ആ കഥകള്‍ എനിക്കിനിയും ഓര്‍ക്കാന്‍ വയ്യ  .  പക്ഷെ വീണ്ടും വീണ്ടും ....

  ഗ്രാമങ്ങളുടെ മുഖച്ഛായ മാറി മറിയുകയാണ് !!!!  നാട്ടിലേക്കുള്ള ഓരോ യാത്രയിലും അത് വേദനയോടെ മനസ്സിലാകുന്നു .    വികസനമല്ല . വികസനമെന്നു പറഞ്ഞു കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ ....

തിങ്കളാഴ്‌ച, മാർച്ച് 05, 2012

ഫൈസലിന്‍റെ കല്യാണം

അയല്‍പക്കത്തുള്ള കദീത്താന്റെ നിലവിളി കേട്ടാണ് ഞാന്‍ പുറത്തേക്കിറങ്ങിയതു .  അവിടെ കുറച്ചു പെണ്ണുങ്ങളുടെ കൂട്ടം .  പെണ്ണുങ്ങളുടെ കല പില ശബ്ദം .  ഇടയ്ക്കിടെ ഗൃഹ നായിക കദീത്താന്റെ ശബ്ദവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട് . ടി വി ചാനലുകാരുടെ ഭാഷ കടമെടുത്താല്‍ സംഗതികളും ഷദ്ജവുമില്ലാത്ത്ത നിലവാരം കുറഞ്ഞ വിലാപം .  ഞാന്‍ മെല്ലെ മെല്ലെ അവരുടെ വീട്ടിനടുത്തെത്തി.  അങ്ങോട്ട്‌ പോകാതെ ചെവി നന്നായി കൂര്‍പ്പിച്ചു വെച്ചു .  സംഗതി പുടി കിട്ടി .  പ്രേമം ആണ് വിഷയം .  കദീത്താക്ക് മക്കള്‍ രണ്ടു .  ഒരാണും പെണ്ണും .  രണ്ടു പേരും കല്യാണം കഴിക്കാന്‍ ആയവര്‍ .  വിഷയം പ്രേമമായതിനാല്‍ ഞാനൊന്ന് പേടിച്ചു .  ചിലപ്പോള്‍ കദീത്താന്റെ മകള്‍ എന്‍റെ പേരോ മറ്റോ വിളിച്ചു പറഞ്ഞുവെങ്കിലോ .  ഇത്രയും പെണ്ണുങ്ങളുടെ മുന്നില്‍ വെച്ചു നിഷേധിക്കണമെങ്കില്‍ തന്നെ ഒരു പാട് പണിയാ ..

ഭാഗ്യം വിഷയം പ്രേമം ആണെങ്കിലും കദീത്താന്റെ മകളുടെ അല്ല ഈയിടെ മലേഷ്യയില്‍ നിന്നും ഗെറ്റ് ഔട്ട്‌ അടിച്ചു വന്ന മകന്‍ ഫിറോസിന്‍റെതാണ്.  എനിക്ക് ധൈര്യമായി.  ഞാന്‍ മെല്ലെ ആള്‍ക്കൂട്ടതിനിടയിലേക്ക്‌ നടന്നു .ഒരു വനിതാ സമ്മേളനത്തിന്‍റെ പ്രതീതി .  ആണായി  ഞാനും പ്രേമ നായകന്‍ ഫിറോസും മാത്രം.  ഫിറോസിനെ അവിടെ ഒറ്റക്കാക്കി മുങ്ങണമെന്നു എനിക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും അവന്റെ ദയനീയ ഭാവം കണ്ടു ഞാന്‍ അവിടെ തന്നെ നിന്നു . 

ഹോജ രാജാവായ തമ്പുരാനേ.  മ്മടെ ഫിറോസിന് ആരുമ്മാ കൈ വിഷം കൊടുത്തത്‌ എന്നും പറഞ്ഞു തലയ്ക്കു കൈ കൊടുത്തു വിലപിക്കുന്ന ഹഫ്സീത്തയെ കണ്ടു എനിക്ക് ചിരി വന്നെങ്കിലും ഞാന്‍ ചിരിച്ചില്ല .കദീത്തായും ഹഫ്സീത്തയും ഒരു മതിലിന്‍റെ അപ്പുറത്തും ഇപ്പുറത്തും താമസിക്കുന്നവര്‍ ആണെങ്കിലും കൊടിയ ശത്രുക്കള്‍ ആണ് .  കദീത്ത കോഴിയെ അറുത്തു നൈച്ചൊരു വെച്ചു നേര്‍ച്ച കഴിച്ചെങ്കില്‍ ഹഫ്സീത ആട് ബിരിയാണി വെച്ചു നേര്‍ച്ച നടത്തും . ഇപ്പുറത്ത് ബിരിയാണി വെച്ചാല്‍ അപ്പുറത്ത് ഫ്രൈഡ്‌ റൈസ് വെക്കും .  ചുരുക്കി പറഞ്ഞാല്‍ എനിക്കും കൂട്ടുകാര്‍ക്കും നല്ല കൊളാ .  അവിടെ ഉള്ള എന്ത് പരിപാടിയും ഞങ്ങള്‍ ഭംഗിയായി ആഘോഷിച്ചിരുന്നു .  ആ ഹഫ്സീത്തയാണ് തലയ്ക്കു കൈ വെച്ചു കരയുന്നത് .  ചിരിക്കാതെ എന്ത് ചെയ്യും .  പക്ഷെ ഞാന്‍ ചിരിച്ചില്ല .  ഗൌരവമേറിയ വിഷയമാണ് .  സല്‍സ്വഭാവി അല്ലാത്ത ഫിറോസിനെ ആരാണ് മയക്കിയത് .  മണ്ടി പെണ്ണ് എന്ന് എന്‍റെ മനസ്സ്‌ കരുതി .
 അപ്പോഴാണ്‌ കദീത്താന്റെ ശ്രദ്ധ എന്‍റെ നേരെ ആയത് .  എന്‍റെ മോനെ, നിനക്കെങ്കിലും ഫിരോസിനോടു പറഞ്ഞു കൊടുത്തു കൂടെ പ്രേമിച്ചു കല്യാണം കഴിക്കരുതെന്ന് .  എനിക്ക് ദേഷ്യം വന്നു .  ഞാന്‍ എന്താ പ്രേമത്തില്‍ ഡോക്ടരറ്റ് എടുത്തിരുന്നോ പ്രേമത്തിന്റെ ഭവിഷ്യത്ത് പറഞ്ഞു കൊടുക്കാന്‍ .  ഞാന്‍ ഒന്നും മിണ്ടാന്‍ നിന്നില്ല.  കദീത്താന്റെ കരച്ചില്‍ കൂടി കൊണ്ട് വരുന്നു .  കല്യാണം വരട്ടെ ഞാന്‍ മനസ്സില്‍ കരുതി .  ഭക്ഷണത്തിന്റെ മെഗാ പരമ്പര വരാന്‍ പോകുന്നു .  നിശ്ചയം ,  നിക്കാഹ് , കല്യാണം .  വരട്ടെ കല്യാണം
നീ  അപ്പുറത്തെ വീട്ടിലെ മാധവിയുടെ മോള്‍  രേഷ്മാനെ പ്രേമിചിരുന്നുവേന്കില്‍ ഞാന്‍ സന്തോഷത്തോടെ നിനക്ക് കെട്ടിച്ചു തരട്ടായിനു വെന്ന കദീത്താന്റെ രോദനം കേട്ട് അവിടെ ഉള്ള രേഷ്മ അഹങ്കാരം കൊണ്ട് തല ഉയര്‍ത്തി .  മാധവിയും ബാക്കി ഉള്ള ഉമ്മചിമാരും ഒന്ന് ഞെട്ടി.  ഞാന്‍ രണ്ടു പ്രാവശ്യം ഞെട്ടി .  എന്താ ഇത് ,  ഒന്നും മനസ്സിലാകുന്നില്ല .  രേഷ്മ എന്ന ഹിന്ദു യുവതിയെ മകനെ കൊണ്ട്  കെട്ടിക്കാന്‍ കദീത്താ തയ്യാര്‍.  രേഷ്മ സുന്ദരി ആണ് .  അത് കൊണ്ട് കെട്ടിക്കാന്‍ പറ്റുമോ .  അപ്പോള്‍ ഫിറോസ്‌ ആരെയാണ് പ്രേമിച്ചത് .  എന്‍റെ തല പെരുത്തു.  പച്ചരി കൊണ്ട്  ബിരിയാണി വെച്ചു ഇളിഭ്യനായ വെപ്പുകാരന്‍ കാദര്‍കുട്ടിയുടെ അവസ്ഥയിലായി ഞാന്‍ ... 
ഞാന്‍ മെല്ലെ പിറകോട്ടു വലിഞ്ഞു . ഏറ്റവും പിറകില്‍ നില്‍ക്കുന്ന മറീത്തയുടെ അടുത്ത് ചെന്ന് മെല്ലെ ചോദിച്ചു .  എന്താണ് ഫിറോസിന്റെ പ്രശ്നം .  ഞാന്‍ മെല്ലെ ആണ് ചോദിച്ചതെങ്കിലും ഉത്തരം ഒരു മൈക്ക് കെട്ടി സംസാരിക്കുന്നത്  പോലെ ആയിരുന്നു .   എന്‍റെ മോനെ ,  മ്മടെ ഫിറോസ്‌ പണ്ടെപ്പോഴോ ഒരു പെണ്ണിനെ പ്രേമിച്ചു ഇപ്പൊ അവനു അവളെ കെട്ടണം പോലും .  അതിനെന്താ കെട്ടിക്കോട്ടെ.  ഞാന്‍ പറഞ്ഞു .  ഇത് കേട്ടതും കദീത്ത ചാടി എഴുന്നേറ്റു എന്‍റെ അടുത്തേക്ക് വന്നു .  ഞാന്‍ അല്‍പ്പം പിറകോട്ടു മാറി .  കദീത്ത പറയാന്‍ തുടങ്ങി .  അവന്‍ പ്രേമിച്ചത് ഈ ദുനിയാവില്‍ ഉള്ള പെണ്ണിനെ ഒന്നുമല്ല .  വടക്കോട്ടുള്ള ഏതോ ഒരു കാസരഗോടില്‍  നിന്നാണ് .  അവന്‍ അവിടത്തെ പെണ്ണിനെ കെട്ടിയാല്‍ ... കദീത്ത ഇത്രയും പറഞ്ഞു കരച്ചിലിനു വോള്യം കൂട്ടി . 
സംഭവം എനിക്ക് പിടി കിട്ടി .  ഫിറോസ്‌ പ്രേമിച്ചത് ഈ ഭൂമിയിലുള്ള പെണ്ണിനെ ഒന്നുമല്ല .  മറ്റൊരു ഗ്രഹത്തില്‍ ഉള്ള കാസറഗോഡ്  എന്ന പ്രദേശത്തില്‍ നിന്നാണ് .  അവിടത്തു കാര്‍ക്ക് നേരെ ചൊവ്വേ മലയാളം സംസാരിക്കാന്‍ പോലും പറ്റില്ല .  അത് മാത്രവുമല്ല കല്യാണം കഴിഞ്ഞാല്‍ പെണ്ണ് വസ്ത്രങ്ങളും എടുത്തു പുതിയാപ്പിളയുടെ കൂടെ അവന്റെ വീട്ടില്‍ താമസിക്കും .....................

എന്തും സഹിക്കും .  ബിരിയാണി ഇല്ലാത്ത കല്യാണവും മണിയറ ഇല്ലാത്ത വധുവിന്‍റെ വീടും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍കാരായ എന്‍റെ നാട്ടുകാര്‍ സഹിക്കില്ല .  കല്യാണം കഴിഞ്ഞാല്‍ പെണ്ണിന്‍റെ വീട്ടില്‍ പുതിയാപ്പിള താമസിക്കും..  പണക്കാരന്‍ ആണെങ്കിലും പാവപ്പെട്ടവന്‍ ആണെങ്കിലും ഇത് നിര്‍ബന്ധം .  പെണ്ണിന്‍റെ വീട്ടുകാര്‍ പുതിയാപ്പിളക്കായി മണിയറ ഒരുക്കും .  പയ്യന്‍ തറവാട്ടില്‍ പിറന്നവന്‍ ആണെങ്കില്‍ മണിയറ അത് പോലെ തന്നെ ആയിരിക്കും .  എ സി, തേക്കിന്റെ വലിയ അലമാര , ബാത്ത് റൂം എല്ലാം നല്ല സെറ്റപ്പില്‍ ആയിരിക്കും .  ചിലപ്പോള്‍ പയ്യന്‍റെ വീട്ടുകാര്‍ ചില ഡിമാന്‍ഡ് വെക്കും .  റൂമില്‍ ഇന്ന കളര്‍ വേണം .  ബാത്ത് റൂമില്‍ ടൈല്‍സ് ഇന്ന ഡിസൈന്‍ വേണം എന്നൊക്കെ . ഗള്‍ഫില്‍ മൂട്ടയുടെ കടി കൊള്ളുന്ന പയ്യനും നാട്ടില്‍ എ സി മണിയറ .....
ഇതൊക്കെ നമ്മുടെ പ്രേമ നായകന്‍ ഫിറോസ്‌ തെറ്റിച്ചിരിക്കുന്നു,.  അവനു മണിയറയും ഇല്ല തേക്കിന്‍ മരം കൊണ്ടുള്ള അലമാരയും ഇല്ലാ ....
നിങ്ങള്‍ക്കു  ആര്‍ക്കും അത്ഭുതമുണ്ടാകില്ല പക്ഷെ എനിക്കും എന്‍റെ നാട്ടുകാര്‍ക്കും ഇത് ജീവിതത്തില്‍ സംഭവിക്കുന്ന അപൂര്‍വം കാഴ്ചകളില്‍ ഒന്നാണ് .  കാരണം കല്യാണം കഴിഞ്ഞാല്‍ പെണ്ണിന്‍റെ വീട്ടില്‍ താമസിക്കുന്നവരാ ഞങ്ങള്‍ .  ഒരു ദേശത്തിന്‍റെ സംസ്കാരമാണ് ഈ വക തിരിവില്ലാത്ത പയ്യന്‍ തെറ്റിച്ചത് . 

ഫിരോസിനോടു ശത്രുത ഉള്ളവര്‍ അവനു നേരിട്ട അത്യാഹിതത്തില്‍ സന്തോഷിച്ചു .  ചില പുത്തന്‍ വാദികള്‍ അവനെ വിപ്ലവകാരിയായി പ്രഖ്യാപിച്ചു .  അവന്‍റെ നിര്‍ബന്ധത്തിനുവഴങ്ങി അവസാനം കദീത്ത കല്യാണത്തിന് സമ്മതിച്ചു .......

കല്യാണം കഴിഞ്ഞ അന്ന് തന്നെ  പെണ്ണ് ചട്ടീം കലവുമെടുത്തു പയ്യന്‍റെ കൂടെ അവന്‍റെ വീട്ടില്‍ താമസമുറപ്പിച്ചു ...
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കല്യാണം കഴിഞ്ഞ വീട്ടിലേക്കു ആഫ്രിക്കയില്‍ നിന്നും വന്ന സോറി കാസരഗോടില്‍ നിന്നും വന്ന പുതിയ പെണ്ണിനെ കാണാന്‍ അപ്പുറത്തെ വീട്ടിലെ സ്ത്രീകള്‍ പോയി .  തിരികെ വരുമ്പോള്‍ അവരെ കണ്ട ഞാന്‍ മര്യാദക്ക് വേണ്ടി ചോദിച്ചു .  പെണ്ണ് എങ്ങിനെ ഉണ്ട് .  ഉടന്‍ തന്നെ ആയിശ്ത്ത തുടങ്ങി .  എന്തൊരു പണിയാ ആ ചെക്കന്‍ കാണിച്ചത് .  ആ പെണ്ണിനോട് സംസാരിച്ചു എന്‍റെ മലയാളം തന്നെ എനിക്ക് തെറ്റി പോയി.  ചെറുപ്പത്തില്‍ കഷ്ടപ്പെട്ടു സ്കൂളില്‍ പോയി പഠിച്ച മലയാളം വരെ തെറ്റി പോയില്ലേ അവളോട്‌ സംസാരിച്ചിട്ട്.    അവളുടെ മലയാളം ഉണ്ടോ ആര്‍ക്കെങ്കിലും മനസ്സിലാകുന്നു  . 

ആ ഫിറോസ്‌  വല്ലാത്ത ചതിയല്ലേ ചെയ്തത് നമ്മോട് .  കൂട്ടത്തിലെ ഉള്ള ഒരു ചെറുപ്പക്കാരി പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നു കിടുങ്ങി .  എന്താണീ യുവതി പറയാന്‍ പോകുന്നത് .  അവന്‍  വല്ല ചതിയും ചെയ്തോ . 
എന്‍റെ മനസ്സില്‍ വേണ്ടാത്ത പലതും വന്നുവെങ്കിലും യുവതി തന്നെ കൂട്ടി ചേര്‍ത്തു .  അവന്‍  വല്ല ഇന്ഗ്ലിഷ് കാരിയോ മറ്റോ കല്യാണം കഴിച്ചിരുന്നുവെങ്കില്‍നമ്മുടെ മക്കള്‍ കുറച്ചു ഇംഗ്ലീഷ് എങ്കിലും പഠിച്ചേനെ .  ഇതേതോ ഒരു ഓണം കേറാ മൂലയില്‍ നിന്നും മലയാളവും കന്നഡയും ഉര്‍ദുവും  മിക്സ് ആക്കി സംസാരിക്കുന്ന പെണ്ണിനെ കെട്ടി കൊണ്ട് വന്നിരിക്കുന്നു .....



വ്യാഴാഴ്‌ച, നവംബർ 03, 2011

ഖുല്‍ ബര്‍ ഖാന്‍റെ അമളി

മനോഹരവും  അതി വിശാലവും ആയിരുന്നു അല്‍ ഐനിലെ ഖലീഫാ പാര്‍ക്ക്‌ .  വെള്ളിയാഴ്ച്ച  വൈകുന്നേരങ്ങളില്‍ പാര്‍ക്കില്‍ പോകാറുണ്ടായിരുന്ന പതിവുണ്ടായിരുന്നു എനിക്ക്  സമയം കിട്ടുമ്പോഴൊക്കെ..  പാര്‍കിലുള്ള ഏതെങ്കിലും മരത്തിന്‍റെ കീഴെ ഇരുന്നു ചുറ്റുപാട് ഒക്കെ ഒന്ന് കണ്ണോടിക്കല്‍ ഒരു  രസമുള്ള പരിപാടി ആയിരുന്നു . എല്ലാം മറന്നു കുറച്ചു മണിക്കൂറുകള്‍ . യാന്ത്രികമായ മരുഭൂമി ജീവിതത്തിനിടയില്‍ കുറച്ചു സമയം മനുഷ്യനായി ജീവിക്കാന്‍ ,  ജോലിയുടെ  സമ്മര്‍ദ്ദം ഇല്ലാതെ ശാന്തമായി ഇരുന്നു മനസ്സിനെ തണുപ്പിക്കാനും ഞാന്‍ കണ്ട ഒരു എളുപ്പ വഴി ആയിരുന്നു ഈ പാര്‍കിലുള്ള ഇരുത്തം .  അത് കൂടാതെ മനസ്സിനിഷ്ടപെട്ട ഭക്ഷണവും കഴിക്കാന്‍ പാര്‍ക്ക്‌ തന്നെ ആയിരുന്നു ശരണം .  ബാചിലെര്‍ റൂമിലെ താമസത്തിനിടയില്‍ ഇഷ്ടമുള്ള പല ഭക്ഷണവും കഴിക്കാന്‍ പറ്റിയിരുന്നില്ല .  അതിനൊക്കെ പരിഹാരമായിരുന്നു വെള്ളിയാഴ്ചയിലെ പാര്‍ക്ക്‌ സന്ദര്‍ശനം. ഹോട്ടലില്‍ നിന്ന് ഭക്ഷണവും പാര്സേല്‍ വാങ്ങി പാര്‍കില്‍ പോയിരുന്നു കഴിക്കാന്‍ എനിക്കെപ്പോഴും ഇഷ്ടമായിരുന്നു ...... അത് പോലെ പലരുടെയും സ്വഭാവം പിടി കിട്ടിയതും ഈ പാര്‍ക്ക്‌ സന്ദര്‍ശന വേളയില്‍ ആയിരുന്നു ....യുവ മിഥുനങ്ങളെ പോലെ നടന്നകലുന്ന ഫിലിപ്പിനീ യുവതിയും മലയാളി യുവാവും .  ലോകമേ തറവാട്‌.  ഒരു ജാതി ഒരു മതം എന്ന വാക്കുകള്‍ അക്ഷരം പ്രതി ശരി ആണ് എന്ന് തോന്നും ഈ പാര്‍ക്കിലെ കാഴ്ചകള്‍ കണ്ടാല്‍
പതിവ് പോലെ ഒരു വെള്ളിയാഴ്ചയും ഞാന്‍ പാര്‍ക്കിലെത്തി.  മെല്ലെ ആരുമില്ലാത്ത ഒരു മരത്തിന്‍റെ കീഴെ ഇരിപ്പുറപ്പിച്ചു .  കുറച്ചു സമയം ശാന്തമായി ആലോചനകളില്‍ മുഴുകി .  മൊബൈലില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുഹമ്മദ്‌ റാഫി സാഹിബിന്‍റെ പാട്ടുകള്‍ .  ഇതിനിടയില്‍ ഒരു പാകിസ്ഥാനി യുവാവ്‌ വന്നു അടുത്തിരുന്നു . എനിക്കിഷ്ടപ്പെട്ടില്ലെന്കിലും ഞാന്‍ ഒന്ന് ചിരിച്ചു .  ഞങ്ങള് പരിചയപ്പെട്ടു .  പാകിസ്ഥാനി യുവാവിന്‍റെ പേര് ഖുല്‍ ബര്‍ ഖാന്‍ .  ഒരു പട്ടാണി ടാക്സി ഡ്രൈവര്‍.   ഞങ്ങള്‍ കുറച്ചു സമയം വര്‍ത്തമാനം പറഞ്ഞിരുന്നു.  ചുരുക്കി പറഞ്ഞാല്‍ എനിക്കൊരു പട്ടാണി സുഹൃത്തിനെ കൂടെ കിട്ടി .  പട്ടാണി ആണെങ്കിലും നല്ല വൃത്തി ഉണ്ട്.  മറ്റുള്ള പട്ടാണികളെ പോലെ അല്ല .  ദിവസവും കുളിക്കുന്ന ആളാണെന്ന് തോന്നി .  ഖുല്‍ ബര്‍ ഖാന്‍  സ്കൂള്‍ വിദ്യാഭ്യാസം ഉണ്ടെന്നു സ്വല്‍പ്പം അഹങ്കാരതോടെയും അഭിമാനത്തോടെയും എന്നോട് പറഞ്ഞു .  കുറച്ചു കഴിഞ്ഞു ഖുല്‍ ബര്‍ ഖാന്‍   പോക്കെട്ടില്‍ നിന്ന് ഒരു വാക്ക്‌ മാന്‍ സെറ്റെടുത്തു.  ഹെഡ് സെറ്റ്‌ ചെവിയില്‍ കുത്തി പാട്ട് കേള്‍ക്കാന്‍ ആരംഭിച്ചു .  ഇടയ്ക്കിടെ ഖുല്‍ ബര്‍ ഖാന്‍  ശബ്ദം പുറത്തു കേള്‍ക്കുന്നുണ്ടോ എന്നൊക്കെ നോക്കുന്നുണ്ടായിരുന്നു.  ഞാന്‍ കരുതി നല്ല ഏതെങ്കിലും ഒരു പാട്ട് ആയിരിക്കുമെന്നു .  ഞാന്‍ ഏത് പാട്ടാണെന്ന് ചോദിച്ചെങ്കിലും ഖുല്‍ ബര്‍ ഖാന്‍  മറുപടി ഒരു ചിരിയില്‍ ഒതുക്കി .  ഖുല്‍ ബാര്‍ ഖാന്‍ ചെവിയില്‍ ഹെഡ് സെറ്റും വെച്ചു അതില്‍ മുഴുകി ,  ഞാനെന്‍റെ ചിന്തകളുമായി കുറച്ചു മാറിയിരുന്നു ..പിന്നെ പിന്നെ എല്ലാ വെള്ളിയാഴ്ചകളിലും ഞാനും ഖുല്‍ ബര്‍ ഖാനും പാര്‍കില്‍ കണ്ടു മുട്ടുക പതിവായി .  ചിലപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചു ഭക്ഷണം കഴിക്കും .  ഇടയ്ക്കിടെ ഖുല്‍ ബര്‍ ഖാന്‍   ഹെഡ് സെറ്റെടുത്തു ചെവിയില്‍ വെക്കും .
 ഒരു പ്രാവശ്യം ഞാന്‍ കേട്ടു വാക്മാനില്‍ നിന്ന് സുന്ദരമായ ഒരു പെണ്‍ ശബ്ദം .  എന്തോ സംസാരിക്കുന്നത് പോലെ .  എന്‍റെ ആകാംഷ ഇരച്ചു കയറി .  എന്‍റെ ചോദ്യത്തിന് മുന്നില്‍ ഖുല്‍ ബര്‍ ഖാന്‍  എന്ന നല്ല പാകിസ്ഥാനി ഉത്തരം തന്നു .  അവന്‍റെ ഭാര്യ അവനിക്ക് അയച്ച കത്താണ് .  ഖുല്‍ ബര്‍ ഖാന്‍റെ നാട്ടില്‍ ആരും കത്തയക്കാറില്ല പകരം കാസെറ്റ് ആണ് .  ഖുല്‍ ബര്‍ ഖാന്‍  ഇവിടെ നിന്ന് റെക്കോര്‍ഡ്‌ ചെയ്തു കാസെറ്റ് നാട്ടിലേക്കു അയക്കും .  അതിനു മറുപടി അവന്‍റെ ഭാര്യ വേറൊരു കാസേട്ടില്‍ ഗള്‍ഫിലേക്ക് അയക്കും .  എഴുത്തും വായനയും അറിയാത്ത പഠാണി സമൂഹം കണ്ടു പിടിച്ച ഒരു എളുപ്പ വഴി ...
ഒരു വെള്ളിയാഴ്ച ഞാന്‍ പാര്‍ക്കിലെതുമ്പോള്‍ എന്നെയും കാത്തു ഖുല്‍ ബര്‍ ഖാന്‍  ഇരിക്കുന്നു .  ദുഖ ഭാരത്തോടെ .  എന്നെ കണ്ട ഉടനെ ഖുല്‍ ബര്‍ ഖാന്‍  പോക്കെട്ടില്‍ നിന്ന് വാക്മാന്‍ എടുത്തു പുറത്തു വെച്ച് ഹെഡ് സെറ്റില്ലാതെ പ്ലേ ചെയ്യാന്‍ തുടങ്ങി .  കൊന്നാലും ഭാര്യയുടെ ശബ്ദവും ചിത്രവും പുറത്തു കാണിക്കാത്ത പട്ടാണികളില്‍ പെട്ട ഈ ഖുല്‍ ബര്‍ ഖാന്‍  എന്ത് പറ്റി .  എനിക്ക് ആശ്ചര്യമായി .  ഞാന്‍ ഒന്നും ചോദിക്കുന്നതിനു മുമ്പ് തന്നെ വാക്ക്‌ മാന്‍ ശബ്ദിക്കാന്‍ തുടങ്ങി .  ശബ്ദമല്ല അതിലൂടെ കരച്ചില്ലാണ് ഒഴുകി വന്നത് .  ഇടയ്ക്കിടെ ഏതോ ഒരു ഭാഷയില്‍ എന്തോ പിറു പിരുക്കുന്നുന്ടായിരുന്നു.  എനിക്കൊന്നും മനസ്സിലായില്ല .  പക്ഷെ ഖുല്‍ ബര്‍ ഖാന്‍ എന്ന എന്‍റെ സുഹൃത്തിനു എന്തോ പറ്റി എന്നെനിക്ക് മനസ്സിലായി . 
ഖുല്‍ ബര്‍ ഖാന്‍ മെല്ലെ അവന്‍ കൊണ്ട് വന്ന തണ്ടൂരി ചിക്കനും റൊട്ടിയും എനിക്കായി തുറന്നു വെച്ചു .  കഥ പറയാന്‍ തുടങ്ങി .  ഞാന്‍ തിന്നാനും തുടങ്ങി .  ഖുല്‍ ബര്‍ ഖാന്‍ പറഞ്ഞു തുടങ്ങി അവന്‍റെ വീട്ടുകാരെ പറ്റി .  അവന്‍റെ അമ്മക്ക് അഞ്ചു ആണ്‍ മക്കള്‍ .  ഖുല്‍ ബര്‍ ഖാന്‍ ഏറ്റവും ഇളയവന്‍ .  നാട്ടിലെ അറിയപ്പെടുന്ന ഒരു ഗുണ്ട ആയ ഖുല്‍ ബര്‍ ഖാന്‍റെ ഏട്ടന്‍ ആണ്  വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് .  അയാളെ എല്ലാവര്ക്കും ഭയമാണ് .    ഖുല്‍ ബര്‍ ഖാന്‍റെ ഭാര്യ റഹ്മ ഒരു നല്ല കുടുംബത്തില്‍ നിന്നും വന്നവള്‍ .  അവള്‍ക്കു ഖുല്‍ ബര്‍ ഖാന്‍റെ ഏട്ടന്റെ സ്വഭാവം ഇഷ്ടപ്പെടാത്തത് കൊണ്ട് ചെറിയ വഴക്ക് ആയി .  വീട്ടുകാരെല്ലാം  ഖുല്‍ ബര്‍ ഖാന്‍റെ ഏട്ടന്റെ ഭാഗത്താനു.  ഖുല്‍ ബര്‍ ഖാന്‍റെ ഭാഷ മലയാളത്തിലേക്ക് ഞാന്‍ തര്‍ജമ ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായി .  പ്രശ്നം വലുതാണ്‌ .  കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടിയേക്കാള്‍ വലിയ ഗ്രൂപ്‌ വഴക്ക് .  ഒരു ഭാഗത്ത്‌ ഖുല്‍ ബര്‍ ഖാന്‍റെ കുടുംബം മുഴുവനും മറു ഭാഗത്ത്‌ ഖുല്‍ ബര്‍ ഖാന്‍റെ ഭാര്യ ഒറ്റയ്ക്കും. 
ഖുല്‍ ബര്‍ ഖാന്‍റെ ഏട്ടന്‍  ഒരു കാസെറ്റ് കൊടുത്തയച്ചു ഖുല്‍ ബര്‍ ഖാന്,  അവന്‍റെ ഭാര്യയെ കുറിച്ച് ഇല്ലാ കഥകള്‍ നിറഞ്ഞ ഒരു കാസെറ്റ് . കൂടെ ഒരു നിര്‍ദേശവും .  എത്രയും പെട്ടെന്ന് ഭാര്യയെ ഒഴിവാക്കണം.   ഭാര്യയും കൊടുത്തു വിട്ടു ഒരു കാസെറ്റ് , അതില്‍ നിറയെ കരച്ചില്‍ ആയിരുന്നു .  ഒരു അബലയുടെ കരച്ചില്‍ .  അതാണ്‌ ഖുല്‍ ബര്‍ ഖാന്‍ എന്‍റെ സമാധാനം കെടുത്താന്‍ വേണ്ടി എന്നെ കേള്‍പ്പിച്ചത് .  പാവം.  എനിക്ക് തന്നെ സങ്കടം വന്നു .  ഏതോ ഒരു ഗ്രാമതിലിരുന്നു വിതുമ്പി കരയുന്ന സഹോദരി .  അവളുടെ ആവശ്യം ഖുല്‍ ബര്‍ ഖാന്‍ ഗള്‍ഫ്‌ മതിയാകി നാട്ടിലേക്കു തിരിച്ചു വരണമെന്നാണ് .  ന്യായമായ ഒരു ആവശ്യം.  ഒരു പെണ്ണിന്‍റെ അവകാശം . 
ഖുല്‍ ബര്‍ ഖാന്‍റെ ഏട്ടന്റെ ആവശ്യം അവളെ മൊഴി ചൊല്ലി ഒഴിവാക്കണം എന്നാണു .  ഏട്ടനെ ഭയക്കുന്ന ഖുല്‍ ബര്‍ ഖാന്‍ ,  അമ്മയെ സ്നേഹിക്കുന്ന ഖുല്‍ ബര്‍ ഖാന്‍ ,  ഭാര്യയെ സ്നേഹിക്കുന്ന ഖുല്‍ ബര്‍ ഖാന്‍ .  അവനു ഭാര്യയെ ഒഴിവാക്കുന്നത് സ്വപ്നം പോലും കാണാന്‍ പറ്റില്ല .  ധര്‍മ സങ്കടത്തിലായ പാവം പഠാണി എന്നെയും കുഴപ്പിച്ചു .  ആരെയും പിണക്കാതെ ഒരു അഞ്ചാറു മാസം കൂടി ഈ ഗള്‍ഫില്‍ നില്‍ക്കാന്‍ പാവം ഖുല്‍ ബര്‍ ഖാന്‍ എന്നോട് ഒരു പോം വഴി ചോദിച്ചു . 
ഞാന്‍ ഒന്നും പറഞ്ഞില്ല,  ഒരു വഴിയും കാണാതെ ഞാന്‍ പാര്‍കിലെ മര  ചുവട്ടില്‍  മലര്‍ന്നു കിടന്നു .  സ്വല്‍പ്പം മന സമാധാനം തേടി പാര്‍ക്കിലേക്ക് വന്ന ഞാന്‍  വലിയ സങ്കടതിലേക്ക് .   പാകിസ്ഥാനില്‍ ഉള്ള ഖുല്‍ ബര്‍ ഖാന്‍റെ ഭാര്യയുടെ ഏങ്ങി കരച്ചില്‍ പാവം ഖുല്‍ ബര്‍ ഖാന്‍ കേട്ടു കൊണ്ടിരിക്കുന്നു .  അതിനൊപ്പം താളമോപ്പിച്ചു ഖുല്‍ ബര്‍ ഖാനും കരയുന്നു .  പെട്ടെന്ന് ഞാന്‍ ചാടി എഴുന്നേറ്റു .  യുരേക്കാ, യുരേക്കാ എന്ന് വിളിച്ചു കൂവാന്‍ തോന്നി .  പാവം പഠാണിക്ക് എന്ത് യുരേക്കാ.  ഞാന്‍ മെല്ലെ ഖുല്‍ ബര്‍ ഖാനെ കെട്ടി പിടിച്ചു .  നല്ല ഷാമ്പുവിന്‍റെ മണം മൂക്കിലേക്ക് കയറി . എന്റെ ചെറിയ തലക്കകത്ത് വിരിഞ്ഞ മലബാറി ബുദ്ധി. കുബുദ്ധി ....
രണ്ടു കാസേട്ടിനും മറുപടി ആക്കാന്‍ പറഞ്ഞു ഞാന്‍ ഖുല്‍ ബര്‍ ഖാനോട് .  ഒന്ന് ഖുല്‍ ബര്‍ ഖാന്‍റെ ചേട്ടന് .  അതില്‍ നിറയെ ഭാര്യയെ കുറിച്ച് കുറ്റങ്ങള്‍ .  ഏട്ടനെയും വീട്ടുകാരെയും കുറിച്ച് നല്ല വാക്കുകള്‍ .  അവസാനം എട്ടനോട് പറയാനും പറഞ്ഞു ആറു മാസം വരെ അവളെ ഒന്നും ചെയ്യണ്ട.  നാടിലെതിയിട്ടു ഖുല്‍ ബര്‍ ഖാന്‍ തന്നെ ഒഴിവാക്കി കൊള്ളാം എന്നും .  രണ്ടാമത്തെ കാസെറ്റ് ഖുല്‍ ബര്‍ ഖാന്‍റെ സ്വന്തം ഭാര്യക്ക് .  അതില്‍ നിറയെ ഭാര്യയെ കുറിച്ച് സ്നേഹത്തോടെ നല്ല വാക്കുകള്‍ . ചേട്ടനെയും വീട്ടുകാരെയും കുറിച്ച് കുറ്റങ്ങളും .  അതിലും പറഞ്ഞു ഒരു ആറു മാസം കഴിഞ്ഞാല്‍ ഗള്‍ഫ്‌ മതിയാകി നാട്ടിലെതുമെന്നും പിന്നെ വേറെ വീടെടുത്തു താമസിക്കാം എന്നും .......
ഞാന്‍ സന്തോഷത്തോടെ റൂമിലെത്തി .  എന്റെ മുഖത്ത് സന്തോഷം തിരി തല്ലി .   റൂമില്‍ ബഷീര്‍ മൂന്നാമനും ഖാദേരും ഉണക്ക കുബ്ബൂസും പരിപ്പും കൂട്ടി കഴിക്കുമ്പോള്‍ ഖുല്‍ ബര്‍ ഖാന്‍ കൊണ്ട് വന്ന  തണ്ടൂരി ചിക്കന്‍ കഴിച്ച സന്തോഷത്തിലും പിന്നെ ഒരു വലിയ പ്രശ്നം ഇലക്കും മുള്ളിനും കേടില്ലാതെ പരിഹരിച്ച സന്തോഷതിലുമായിരുന്നു ഞാന്‍
രണ്ടു കാസെട്ടും രണ്ടു കവരിലാകി നാട്ടിലേക്കു അയച്ചു  ഖുല്‍ ബര്‍ ഖാന്‍ മറുപടിക്കായി കാത്തു നില്‍കാന്‍ തുടങ്ങി .  ദിവസങ്ങള്‍ കഴിഞ്ഞു. വെള്ളിയാഴ്ചകള്‍ പലതും കഴിഞ്ഞു .  ഞാന്‍ പാര്കില്‍ ഒറ്റക്കായി .  ഖുല്‍ ബര്‍ ഖാന്‍റെ പോടീ പോലും ഇല്ല കണ്ടു പിടിക്കാന്‍ . എന്‍റെ തണ്ടൂരി ചിക്കന്‍ തീറ്റ അവസാനിച്ചു .   ഒരു വെള്ളിയാഴ്ച കണ്ടു അവനെ പാര്‍ക്കില്‍.  ഒരു പ്രാന്തനെ പോലെ .  കുളിച്ചിട്ടു ദിവസങ്ങള്‍ ആയി .  ഞാന്‍ മെല്ലെ അടുത്ത് പോയി .  പാവം ഖുല്‍ ബര്‍ ഖാന്‍ എന്നെ മനസ്സിലായില്ലേ .  മുഖത്തു നിര്‍വികാരത .  കുറെ സമയം ഞാന്‍ അവിടെ ഇരുന്നു .  കുറെ കഴിഞ്ഞപ്പോള്‍ ഖുല്‍ ബര്‍ ഖാന്‍ എന്‍റെ അടുത്ത് വന്നു .  മെല്ലെ പറഞ്ഞു .  ഞാന്‍ വിസ ക്യാന്‍സല്‍ ചെയ്തു നാട്ടിലേക്കു പോകുന്നു .  ഏട്ടന്‍ പുതിയൊരു തോക്ക് വാങ്ങി .  തോക്കും വിസ ക്യാന്‍സലും തമ്മില്‍ എന്ത് ബന്ധം .  ഞാന്‍ എന്തിനാണ് തോക്ക് വാങ്ങിയത്‌ എന്ന് ചോദിയ്ക്കാന്‍ തുടങ്ങുന്നതിനു മുമ്പേ അവന്‍ കൂട്ടി ചേര്‍ത്തു .  എന്നെ കൊല്ലാന്‍ ആണ് പുതിയ തോക്ക് .  അപ്പോള്‍ ഭാര്യ.  ഞാന്‍ ആകാംഷ പൂര്‍വം ചോദിച്ചു .  ഭാര്യാ അവളും പോയി എന്നെ ഉപേക്ഷിച്ചു .  എല്ലാം പോയി എല്ലാം പോയി , പാവം ഖുല്‍ ബര്‍ ഖാന്‍ കരയാന്‍ തുടങ്ങി .  പക്ഷെ കണ്ണില്‍ നിന്നും ഒരിറ്റു കണ്ണ് നീര്‍ വന്നില്ല .  അതൊക്കെ വറ്റി പോയിരുന്നു .  ദിവസങ്ങള്‍ ആയി ഖുല്‍ ബര്‍ ഖാന്‍ കരച്ചില്‍ തുടങ്ങിയിട്ട് .  നിര്‍ത്താതെയുള്ള കരച്ചില്‍ .  കേരളത്തിലെ മഴ കാലം പോലെ . 

എനിക്കൊന്നും മനസ്സിലായില്ല .  വിതുങ്ങി കരച്ചിലിനിടയില്‍ ഇടി വെട്ടു പോലെ ഖുല്‍ ബര്‍ ഖാന്‍റെ പിറു പിറുക്കല്‍ എന്‍റെ ചെവിയില്‍  തുളച്ചു കയറി .  കാസെറ്റ് രണ്ടും മാറി പോയി .  ഏട്ടന്  വേണ്ടി റെക്കോര്‍ഡ്‌ ചെയ്ത കാസെറ്റ് ഭാര്യക്കാണ് കിട്ടിയത്‌ .  ഭാര്യക്ക് കൊടുക്കേണ്ടത്‌ ഏട്ടനും .  തിരക്കിനിടയില്‍ കാസ്സെറ്റ്‌ ഒട്ടിച്ച കവറില്‍ പേര് മാറി പോയി .   പാവം ഖുല്‍ ബര്‍ ഖാന്‍ .  എന്നോട് യാത്ര പറഞ്ഞു ഖുല്‍ ബര്‍ ഖാന്‍ പോയി എന്നെന്നേക്കുമായി . 
വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ ഇപ്പോളും ഖുല്‍ ബര്‍ ഖാന് പറ്റിയ അമളി ഓര്‍ത്തു സങ്കടപ്പെടും .  പാവം .  ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ.  ഉണ്ടെങ്കില്‍ ........  എനി വരില്ല എന്‍റെ അടുത്ത് ഒരു ഐഡിയ ചോദിച്ചും കൊണ്ട് .  

 

വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

അഞ്ജല

മുഹമ്മദ്‌,  നീ മരണത്തെ അഭിമുഖീകരിച്ചിട്ടുണ്ടോ,

ചോദ്യം എന്നോടായത് കൊണ്ടും ചോദിക്കുന്ന വ്യക്തി  കറുത്ത തടിച്ച കുത്താന്‍ വരുന്ന കാട്ടുപോത്തിന്റെ രൂപ ബന്ഗിയുമുള്ള അഞ്ജല എന്ന ആഫ്രികന്‍ സ്ത്രീ ആയത് കൊണ്ടും ഞാന്‍ ശരിക്കുമോന്നു ഭയന്നു .
മരണവും മരണാനന്തര ജീവിതവും എന്‍റെ ഒര്മയിലെത്തി .  കൂട്ടിനു എന്‍റെ നാട്ടിലെ വിശാലമായ പള്ളി മൈതാനവും . കുട്ടിക്കാലത്തെ എന്റെ പേടി സ്വപ്നങ്ങളില്‍ ഒന്നായിരുന്നു ഈ മൈതാനം .  ഉടുമ്പുന്തല ജുമാ മസ്ജിദിനു കുറച്ചു അകലെ ആയി സ്ഥിതി ചെയ്യുന്ന വിശാലമായ മൈതാനം .  എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കാത്ത കശുമാവിനും ഇവിടെ എന്തോ ഒരു രൌദ്ര ഭാവം .  എപ്പോഴും ചിരിച്ചു കൊണ്ട് ആള്‍ക്കാരെ മാടി വിളിക്കുന്ന മൈലാഞ്ചി ചെടികള്‍ക്കും ഇവിടെ എന്തോ ഒരു ഭയം  . മരണ വാര്‍ത്ത കാത്തു ചെവിയോര്‍ത്തു നില്‍ക്കുന്നത്‌ പോലെ . മണല്‍ തരികള്‍ക്ക് പോലും ഗൌരവം .  കല പില ആക്കുന്ന കാക്കകള്‍ പോലും ഇവിടെ എത്തുമ്പോള്‍ ഭയപ്പെടുന്നു . കവ്വായി പുഴയില്‍ നിന്നും വീശുന്ന തണുത്ത കാറ്റിനു പോലും ശോക ഗാനത്തിന്‍റെ താളം.  ഇവിടെയാണ്‌ പഴയ പ്രമാണിമാരെയും ജന്മിമാരെയും മറമാടിയത് .  ഇവിടെ തന്നെയാണ് പാവപ്പെട്ടവനും  കിടക്കുന്നത് .. 
മണിയറയില്‍ എ സി ഇല്ലാത്തതിന്റെ പേരിലും മണിയറയില്‍ സൌകര്യങ്ങള്‍  കുറവെന്ന് പറഞ്ഞും  ഭാര്യ വീട്ടുകാരോട് കലഹിക്കുന്ന ഇന്നത്തെ പുതിയാപിലമാരും വന്നു കിടക്കേണ്ട സ്ഥലം . 
എന്‍റെ വീട്ടിനടുത്തായത് കൊണ്ട് പലപ്പോഴും ഈ മൈതാനം മുറിച്ചു നടക്കേണ്ടി വന്നിട്ടുണ്ട് .  ഇതൊരു എളുപ്പ വഴി ആയിരുന്നു പള്ളിയിലെക്കും ഫുട്ബാള്‍ ഗ്രൌണ്ടിലേക്കുമുള്ള . 
മൈതാനം മുറിച്ചു കിടക്കുമ്പോള്‍. ഞാന്‍ അറിയാതെ തന്നെ ഹുസൈന്‍ ബോള്‍ട്ട് ആയി മാറും .  അതിവേഗം ബഹു ദൂരം .  ഒറ്റ ശ്വാസത്തില്‍ ഞാന്‍ മൈതാനം മുറിച്ചു കിടക്കും .  അതിനടിയില്‍ ആയത്തുല്‍ കുര്‍സിയ്യും ഓതി തീര്‍ന്നുട്ടുണ്ടാവും.  അതൊരു ധൈര്യതിനാണ്‌  ശൈത്താന്‍മാര്‍ അടുക്കാതിരിക്കാന്‍ .  ചിലപ്പോള്‍ എന്നെ കണ്ടു ശൈതാന്മാരും പേടിച്ചു ഓടുന്നുണ്ടാകും . 
അഞ്ജലയുടെ ശബ്ദം എന്നെ ഉണര്‍ത്തി .  അവള്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു .  കയ്യിലുണ്ടായിരുന്ന ഒരു ഗ്ലാസ്‌ വെള്ളം ഞാന്‍ ഒറ്റയടിക്ക് കുടിച്ചു തീര്‍ത്തു .  എന്നിട്ടും ദാഹം ബാക്കി.  കാലീ ആയ ഗ്ലാസ്‌ നോക്കി ഞാന്‍ വെറുതെ നിന്നു... ഉത്തരമില്ലാത്ത ചോദ്യം .  അല്ലെങ്കില്‍ പറയാന്‍ അതുമല്ലെങ്കില്‍ ചിന്തിക്കാന്‍ പോലും ഇഷ്ടപെടാത്ത ചോദ്യം . മരണം .  . നല്ല മനസ്സിന്‍റെ ഉടമകള്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ ആധുനിക യുഗത്തില്‍ ഒരു നല്ല മന്ഷ്യന്‍ മരിച്ചാല്‍ സങ്കടമാണ്.. ഭര്‍ത്താവിന്റെ മൃത ശരീരത്തിന് മുന്നില്‍ കരച്ചലോടെ നില്‍ക്കുന്ന ഭാര്യ.  എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന മക്കള്‍.  ആര് ഇഷ്ടപ്പെടും ഇതൊക്കെ ഓര്‍ക്കാന്‍ .  
എനി അഞ്ജലയെ പരിചയപ്പെടാം .  ഭര്‍ത്താവ് മരിച്ച ആഫ്രിക്കന്‍ സ്ത്രീ . നാല്പതിനു മുകളില്‍ പ്രായം .  ഒരു മകള്‍ മാത്രം .  കെനിയയില്‍ കോളേജില്‍ പഠിക്കുന്നു . എന്‍റെ ഓഫീസിലെ ഡയറക്ടരുടെ സെക്രട്ടറി .  നല്ല ശമ്പളം .  എന്നിട്ടും താമസം പല സ്ത്രീകളുടെ കൂടെ ഷെയറിങ്ങില്‍ .  അഞ്ചു പൈസ ചിലവക്കാത്ത പ്രകൃതം .  വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ട് വരും .  പുറത്തു നിന്ന് ഒന്നും വാങ്ങില്ല .ചിലപ്പോള്‍ ഏതെങ്കിലും ബിസ്കറ്റിന്റെ പാക്കറ്റ് ഉണ്ടാകും .  അതില്‍ നിന്നു പകുതി എനിക്ക് തരും ചിലപ്പോള്‍ .  തിരെക്കേറിയ ഓഫീസ് സമയത്ത്  ഓസിനു കിട്ടിയ ബിസ്കറ്റും സുലൈമാനിയെന്ന കട്ടന്‍ ചായയും ഒരു രസമാണ് .   എല്ലാവരും അഞ്ജലയെ പിശുക്കി തള്ള എന്നാണ് വിളിക്കാറുള്ളത് .  ഞാനും വിളിക്കും അഞ്ജല കേള്‍ക്കാതെ .   ഒരിക്കല്‍ ഞാന്‍ തന്നെ അവരോടു ചോദിച്ചു .  നിങ്ങള്‍ എന്തിനാണ് ഇങ്ങിനെ പിശുക്കി ജീവിക്കുന്നത് .  കാശൊക്കെ ചിലവാകി നല്ല രീതിയില്‍ ചിലവഴിച്ചു കൂടെ.  അതിനുത്തരം തന്നത് അഞ്ജല വേറൊരു ചോദ്യവുമായാണ് .  ഞാന്‍ എങ്ങിനെ കാഷ്‌ ചിലവാക്കും . 
അവള്‍ കമ്പ്യൂട്ടറില്‍ ഒരു എക്സെല്‍ ഫയല്‍ ഓപ്പണ്‍ ആക്കി എനിക്ക് കാണിച്ചു തന്നു .  അതില്‍ വളരെ ചെറിയ തുക മാത്രം അഞ്ജലക്ക് ചെലവ്.  അതിലും ചെറിയ തുക അഞ്ജലയുടെ അമ്മയ്ക്കും മകള്‍ക്കും വേണ്ടി നാട്ടിലേക്കു അയക്കും .  പിന്നെ ഒരു വലിയ തുക കണ്ടു ആരുടേയും പേരില്ലാതെ . 
ഞാന്‍ എന്‍റെ മനസ്സില്‍ കരുതി ഇത് അഞ്ജല ബാങ്കിലേക്ക് അയക്കുന്നതായിരിക്കും എന്ന് .  പിശുക്കി തള്ളെ എന്‍റെ മനസ്സ്  വീണ്ടും വീണ്ടും മന്ത്രിച്ചു .  അഞ്ജല വീണ്ടും പറയാന്‍ തുടങ്ങി .  അവരുടെ ഗ്രാമത്തിനെ കുറിച്ച് .  പട്ടിണി പാവങ്ങള്‍ നിറഞ്ഞ ഗ്രാമം .  അവിടെ അഞ്ജലയുടെ കുടുംബം മാത്രമാണ് മൂന്നു നേരം ഭക്ഷണം കഴിക്കുന്നവര്‍ .  ബാക്കി എല്ലാവരും ഒരു നേരം കഴിച്ചാല്‍ ഭാഗ്യം .  അത്രയ്ക്ക് പാവങ്ങളായിരുന്നു.  അഞ്ജല അവിടെ ഒരു ട്രസ്റ്റ്‌ രൂപീകരിച്ചു .  അവളുടെ മകള്‍ ആണ് എല്ലാം നോക്കി നടത്തുന്നത് .  അഞ്ജലയും മകളും പരമാവധി ഒതുങ്ങി ചിലവഴിച്ചു ബാകിയുള്ള തുക മുഴുവന്‍ ട്രസ്റ്റനു കൊടുക്കും . ട്രസ്റ്റ്‌ ഭക്ഷണ സാധങ്ങങ്ങളും പഠനോപകരണങ്ങളും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും .  അഞ്ജല ഇത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കണ്ണ് നിരഞ്ഞിട്ടുണ്ടായിരുന്നു .  ഇതാരോടും പറയരുതെന്നും അവര്‍ ആവശ്യപ്പെട്ടു .  എല്ലാവരുടെയും മുന്നില്‍ പിശുക്കി ആയി ജീവിക്കാന്‍ തന്നെ അവര്‍ ഇഷ്ടപ്പെട്ടു .  ഇത്രയും നല്ല മനസ്സുള്ള അഞ്ജലയെ  ആണ്  നമ്മള്‍ പിശുക്കി എന്ന് വിളിച്ചു കുറ്റപ്പെടുത്തുന്നത് .  സമൂഹത്തില്‍ നന്മകള്‍ ഒന്നും ചെയാത്ത ബാക്കിഉള്ളവര്‍  നല്ല പിള്ള ചമയുന്നു .  വില കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്ന അഞ്ജല നാട്ടിലെ പാവപ്പെട്ട കുട്ടികള്‍  നല്ല വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നു .   

വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകുന്ന പതിവുണ്ട് അഞ്ജലക്ക് .  ഒരാഴ്ച മുമ്പ് ഒരു  ദിവസം നടന്നു നടന്നു ക്ഷീണിച്ചപ്പോള്‍ പുല്‍ മൈതാനത്ത്‌ ഇരുന്നു .  പെട്ടെന്ന് എന്തോ ഒന്ന് ശക്തിയായി അവളുടെ കാലില്‍ കടിച്ചു  അവള്‍ക്കുറപ്പായി അതൊരു പാമ്പ്‌ ആണെന്ന് .  ഉടനെ അവര്‍ വിളിച്ചു കൂവി ആളെ കൂട്ടി . അവിടെ ആള്‍ക്കാര്‍ ഓടി കൂടി.  ഒരു പാകിസ്ഥാനി യുവാവ്‌ അവളെ വണ്ടിയില്‍ കയറ്റി ഹോസ്പിടലിലേക്ക് കൊണ്ട് പോയി .  (അവിടെ ഇന്ത്യക്കാരും ഓടി കൂടിയെങ്കിലും ആരും ഹോസ്പിറ്റലില്‍ എത്തിക്കാന്‍ ശ്രമിച്ചില്ല എന്നും അഞ്ജല എന്നോട് പറഞ്ഞു.  ഇന്ത്യക്കാര്‍ എന്ന് അഞ്ജല പറഞ്ഞെങ്കിലും എനിക്കുറപ്പ അത് മലയാളികള്‍ ആയിരിക്കും എന്ന് .  കണ്ണില്‍ ചോര ഇല്ലാത്ത വര്‍ഗം നമ്മള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ ) കറക്റ്റ് സമയത്ത് അഞ്ജലയെ ഹോസ്പിറ്റലില്‍ എത്തിച്ചത് കൊണ്ട് രക്ഷപ്പെട്ടു .  വളരെ അപൂര്‍വമായി മരുഭൂമിയില്‍ കാണപ്പെടുന്ന ഒരിനം പാമ്പാണ് അവരെ കടിച്ചത് . 
അഞ്ജല എന്നോട് പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു, മുഹമ്മദേ ,  ആ അവസ്ഥ ദയനീയമാണ് .  നമ്മള്‍ മരിക്കുമെന്ന് തോന്നിയാല്‍ ..........  അഞ്ജല പറഞ്ഞു നിര്‍ത്തി .  എനിക്ക് മനസ്സിലായി അഞ്ജല ബാക്കി പറയാതെ തന്നെ ......
ഞാന്‍ ജോലി കഴിഞ്ഞു വീട്ടിലെതിയിട്ടും അഞ്ജല മനസ്സില്‍ നിന്ന് മാഞ്ഞിരുന്നില്ല .  അവരെ പാമ്പ് കടിച്ചിട്ടും മരിക്കാതിരുന്നത് ചിലപ്പോള്‍ അവര്‍ ചെയ്യുന്ന ധര്‍മങ്ങള്‍ കൊണ്ടായിരിക്കാം .  എന്റെ കണ്ണില്‍ നിന്നും അറിയാതെ തന്നെ ഒരിറ്റു കണ്ണ് നീര്‍ പോടിഞ്ഞിറങ്ങി .  ആളുകള്‍ ഇപ്പോളും പറഞ്ഞു കൊണ്ടിരിക്കുന്നു .  അഞ്ജല എന്ന സ്ത്രീയെ കുറിച്ച് .  പിശുക്കിന്റെ പര്യായം .  എനിയും പറഞ്ഞു കൊണ്ടിരിക്കും .  പക്ഷെ ഞാന്‍ പറയില്ല പിശുക്കി എന്ന് .  കൂട്ടിനു എനിക്കറിയാത്ത കുറെ പാവങ്ങള്‍.   അങ്ങ് ദൂരെ കെനിയയിലെ ഒരു ഗ്രാമത്തിലെ പട്ടിണി പാവങ്ങള്‍ .   അവര്‍ അന്ജലെയെ എന്ത് വിളിക്കും .  ചോദ്യങ്ങള്‍ ഒരു പാടുണ്ട് .  ഉത്തരങ്ങള്‍ക്കാന്ന്‌ പ്രയാസം .

.